വയനാട് ജില്ലയുടെ അഭിമാനമായ ഡോ. ചന്ദ്രശേഖരന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആദരം

മാനന്തവാടി : ജില്ലക്ക് അഭിമാനമായി റിപ്പബ്ലിക് ദിനത്തിൽ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദനായ ഡോ.ചന്ദ്രശേഖരൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാനിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ഗവർണർ അദ്ദേഹത്തെ ആദരിച്ചത്. കോവിഡ് കാലത്ത് ജില്ലാ നോഡൽ ഓഫീസറായി സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ചതിനാണ് ഈ അനുമോദനം ലഭിച്ചത്. സമാനതകളും മുൻ അനുഭവങ്ങളും ഇല്ലാതിരുന്ന കോവിഡ് മഹാമാരിയെ നേരിടുന്നതിന് കോവിഡ് നോഡൽ ഓഫീസറെന്ന നിലയിൽ നേതൃത്വവും ദിശാബോധവും നൽകാൻ ഡോ. ചന്ദ്രശേഖരന് കഴിഞ്ഞു. ജില്ലയുടെ രോഗ പ്രതിരോധ നിയന്ത്രണ സംവിധാനത്തെ ഏത് സാഹചര്യവും നേരിടാൻ കഴിയും വിധം ശാസ്ത്രീയവും ഫലപ്രദവുമായി വിന്യസിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.കോവിഡിന്റെ ഓരോ ഘട്ടത്തിലും ജില്ലയുടെ പ്രതിരോധ സംവിധാനങ്ങളെ വിലയിരുത്തുകയും സാഹചര്യം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് വിധേയമാക്കി കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു ജില്ലാ തലം മുതൽ കീഴ്സ്ഥാപനങ്ങളിൽ വരെയുള്ള ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പരസ്പിത ബന്ധിതമാക്കി ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്കാവശ്യമായ മനുഷ്യവിഭവശേഷിയും ഭൗതിക സൗകര്യങ്ങളും അടിയന്തര പ്രാധാന്യത്തോടെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. ഒരു മഹാമാരിയെ നേരിടാൻ കഴിയും വിധം ആരോഗ്യ സൗകര്യങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ജില്ലയെ പ്രാപ്തമാക്കിയതിൽ അദ്ദേഹത്തിന് മുഖ്യ പങ്കുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനീഷ് പി അറിയിച്ചു. കേവിഡിനെതിരെയുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലും അദ്ദേഹം പങ്കുവഹിച്ചു.കൂടാതെ സിഎഫ്എൽ ടിസി യുടെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന് അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തതിലൂടെ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പ്രശംസ നേടാനും കഴിഞ്ഞു. ഈ ആദരവ് ജില്ലാ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ള ആദരവ് കൂടിയാണെന്ന് തിരിച്ചറിഞ്ഞാണ് ഇന്ന് മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല മീറ്റിംഗിൽ തരിയോട് ജില്ലാ ട്രെയിനിങ് സെന്ററിൽ വെച്ച് അദ്ദേഹത്തെ ആദരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനീഷ് പി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ചടങ്ങിൽ ഡി പി എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി എം ഒ ഡോ.പ്രിയ സേനൻ, ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ലാ ടി ബി ഓഫീസർ ഡോ. കെ വി സിന്ധു, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് വ്യാഴാഴ്ച ചുമതലയേല്‍ക്കും
Next post ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Close

Thank you for visiting Malayalanad.in