ചികിത്സാ പിഴവ്-അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവ ചികിത്സക്ക് എത്തിയ യുവതികള്‍ മരിക്കാനിടയായ സംഭവം അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആരോഗ്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും, നിവേദനം നല്‍കുകയും ചെയ്തു. ഒരു മാസത്തിനിടെ പ്രസവത്തെ തുടര്‍ന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു യുവതിയും, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ രണ്ട് യുവതികളുമാണ് ചികിത്സാ പരിമിതിയുടെ ഇരകളായി മരണപ്പെട്ടിരിക്കുന്നത്. സമയം നഷ്ടപ്പെടുത്താതെ വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കില്‍ മുന്ന് പേരും രക്ഷപ്പെടുമായിരുന്നു. മൂന്ന് മരണത്തിനും ചികിത്സാ പിഴവുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. നിലവില്‍ ആശുപത്രിയിലുണ്ടായ ഗുരുതര സാഹചര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും അടിയന്തിരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തേടി വേണ്ട തിരുത്തലുകള്‍ വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ആരോഗ്യ രംഗത്ത് നടത്തേണ്ട ആവശ്യങ്ങളുമായി മന്ത്രിയെ നേരിട്ട് കാണുകയും, നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളതുമാണ്. നിയോജകമണ്ഡലത്തിലെ സാധരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന അതിപ്രധാനമായ ആശുപത്രികളിലൊന്നാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രി. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ട് 16 വര്‍ഷമായെങ്കിലും ഇന്നും ഒരു സി.എച്ച്.സി എന്ന നിലയില്‍ നിന്നും ഉയര്‍ന്നിട്ടില്ല. മറ്റ് ജില്ലയിലെ ജനറല്‍ ആശുപത്രികളെ അപേക്ഷിച്ച് മാനവശേഷിയുടെ കാര്യത്തില്‍ ഇന്നും വളരെ പിറകിലാണ്. ദിവസേനെ ആയിരത്തിലധികം രോഗികള്‍ പ്രസ്തുത ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിലെ പാവപ്പെട്ട സാധാരണക്കാരായ രോഗികള്‍ ഇപ്പോഴും സ്‌പെഷ്യലിസ്റ്റ് ചികിത്സക്കായി മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനേയും, സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്. ഇത് ഇവര്‍ക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും മറ്റ് ബുദ്ധിമുട്ടുകളും വളരെ വലുതാണെന്ന് എംല്‍.എ മന്ത്രിയോട് പറഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും, ചികിത്സാ പിഴവ് മൂലം നിലവില്‍ ഉണ്ടായിരിക്കുന്ന മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് തേടുമെന്നും മന്ത്രി എം.എല്‍.എയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവ ചത്ത സംഭവത്തിൽ ആത്മഹത്യ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കും- വനം മന്ത്രി എ.കെ. ശശീന്ദ്രൻ
Next post രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും:13-ന് മീനങ്ങാടിയിൽ പൊതുസമ്മേളനം
Close

Thank you for visiting Malayalanad.in