സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു: പിഴവെന്ന് ആരോപണം: വീഴ്ച പറ്റിയിട്ടില്ലന്ന് ആശുപത്രി സൂപ്രണ്ട്.

കൽപ്പറ്റ: സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്ക് ശേഷം മരിച്ചു . കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകളും പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിൻ്റെ ഭാര്യയും
നുസ്റത്ത് (23) ആണ് ഇന്നലെ വൈകുന്നേരം മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് സിസേറിയനിലൂടെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് നുസ്റത്തിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ സിസേറിയനിൽ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ജനറൽ ആശുപത്രിയിൽ വെച്ച് പിഴവുണ്ടായിട്ടില്ലന്നും വൈകുന്നേരം ഛർദ്ദിക്കാനുള്ള ശ്രമം തുടങ്ങിയതോടെ തന്നെ വിദഗ്ധ ചികിത്സക്കായി റഫർ ചെയ്തുവെന്നും കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോയപ്പോൾ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കൂടെ പോയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
പരേതനായ തച്ചം പൊയിൽ കുഞ്ഞി മുഹമ്മദാണ് നുസ്‌റത്തിൻ്റെ പിതാവ്. രണ്ടര വയസ്സുകാരൻ മുഹമ്മദ് നഹ് യാൻ മകനാണ്. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജിയുടെ സഹോദരീ പുത്രിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിണറായി ഭരണത്തിൽ സംഘങ്ങളും ജീവനക്കാരും തകർച്ചയുടെ പാതയിൽ എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ
Next post സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻനിര ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് സ്റ്റാഫായി പുനർ വിന്യസിച്ചതിൽ പ്രതിഷേധവും പ്രക്ഷോഭവുമായി സ്റ്റാഫ് യൂണിയൻ.
Close

Thank you for visiting Malayalanad.in