ലഹരി കച്ചവടത്തിലെ ലാഭത്തെ ചൊല്ലിയുള്ള തര്‍ക്കം എസ് എഫ് ഐക്കാര്‍ യു ഡി എസ് എഫിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് ഭാരവാഹികൾ

കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തുന്നത് തോല്‍വി മറച്ചുപിടിക്കാനുള്ള വ്യാജപ്രചാരണങ്ങളാണെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ. ഗൗതം ഗോകുല്‍ദാസ്, എം എസ് എഫ് ജില്ലാ സെക്രട്ടറി റിന്‍ഷാദ് പി എം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ് എഫ് ഐയുടെ ലഹരി ബന്ധങ്ങളും ഏകാധിപത്യ അക്രമരാഷ്ട്രീയത്തിനും വിദ്യാര്‍ഥികള്‍ നല്‍കിയ മറുപടിയാണ് പോളിടെക്‌നിക് ക്യാംപസിലെ തിരഞ്ഞെടുപ്പിന്റെ വിധി. എന്നാല്‍ തങ്ങളുടെ കുത്തകയായിരുന്ന ക്യാംപസ് നഷ്ടപ്പെട്ടതിന്റെ മറച്ചുവെക്കുന്നതിനു വേണ്ടി എസ്എഫ്‌ഐയുടെ തന്നെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിന് ഭാഗമായി ഉടലെടുത്ത സംഘര്‍ഷവും ഇല്ലാകഥകളും മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിന്റെ തിരക്കിലാണ് നേതാക്കള്‍. എന്നാല്‍ ആ ക്യാംപസില്‍ ലഹരിയുടെ കണ്ണികള്‍ക്ക് നേതൃത്വം നല്‍കുന്നത് എസ് എഫ് ഐയുടെ യൂണിറ്റ് സെക്രട്ടറിയുടെ ഉള്‍പ്പെടെയുള്ള നേതൃത്വത്തിലുള്ള സംഘമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ വന്ന വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. എസ് എഫ് ഐയിലെ തന്നെ മറ്റു പ്രവര്‍ത്തകരും ലഹരി ഉപയോഗിക്കുന്ന വീഡിയോയും കൂട്ടത്തില്‍ കാണാന്‍ സാധിച്ചു. തിരഞ്ഞെടുപ്പ് തോല്‍വി മറച്ചുവെക്കുന്നതിനു വേണ്ടി എസ്എഫ്‌ഐക്കാര്‍ മെനയുന്ന ഇല്ലാകഥകളെ ഏതുവിധത്തിലും നേരിടും. ദീര്‍ഘകാലമായി എസ്.എഫ്.ഐ ഭരിച്ച ക്യാംപസില്‍ ലഹരിയുമായി ബന്ധപ്പെട്ട നില്‍ക്കുന്ന ആളുകള്‍ക്ക് സൈ്വര്യവിഹാരത്തിനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തത് എസ്എഫ്‌ഐ തന്നെയാണ്. ഇപ്പോള്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നവരടക്കം കോളജില്‍ എം.എസ്.എഫ് കൊടിമരം പിഴുതെറിയുകയും അത് സ്ഥാപിച്ച പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ പറയുന്ന സംഘം തന്നെയാണ്. പോളിടെക്‌നിക് ക്യാംപിസില്‍ ലഹരിവില്പനക്ക് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ നേതാക്കള്‍ തന്നെയാണെന്ന് ഇതിനോടകം തെളിഞ്ഞ സാഹചര്യവും നിലവിലുണ്ട്. വനിതാനേതാവിന് മര്‍ദ്ദനമേറ്റ വിഷയത്തിലും എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പങ്കില്ല. തിരഞ്ഞെടുപ്പ് ദിവസം ഓരോ സംഘടനയെയും പ്രതിനിധീകരിച്ച് പുറമേ നിന്ന് മൂന്ന് പേര്‍ക്ക് ക്യാംപസിന് പുറത്തുനില്‍ക്കാമെന്നും അവര്‍ക്കും ക്യാംപസിനകത്തേക്ക് പ്രവേശനമില്ലെന്നും പൊലീസിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്നിട്ടുള്ള സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് അന്‍പതോളം എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാംപസിന് പുറത്ത് സംഘടിക്കുകയും ചില എസ്.എഫ്.ഐ നേതാക്കള്‍ ക്യാംപസിനകത്ത് കയറി പ്രശ്നമുണ്ടാക്കുകയും ചെയ്തതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. എസ്.എഫ്.ഐക്കുവേണ്ടി ജോലി നിര്‍വഹിച്ച പോലീസ് ഏകപക്ഷീയമായി എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചെയര്‍മാന്‍ സ്ഥാനാര്‍ഥി മുഹമ്മദ് സാലിമിനെയും ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന മൂപ്പൈനാട് പഞ്ചായത്ത് അംഗം അഷ്‌കറിനെയും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയില്‍ വെച്ച് എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിച്ചു. ഈ വിഷയത്തില്‍ ഇതുവരെ ഒരാളെപ്പോലും പോലീസ് അറസ്റ്റുചെയ്തിട്ടില്ല എന്നു മാത്രമല്ല, ഇവര്‍ക്ക് വേണ്ടി എല്ലാവിധ സംരക്ഷണങ്ങളും ഒരുക്കുന്നതും പോലീസ് തന്നെയാണ്. ക്യാംപസിലെ അക്രമപ്രവണതയെയും ലഹരിമാഫിയയെയും വളര്‍ത്തിയ എസ് എഫ് ഐക്കാണ് മുഴുവന്‍ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വമെന്നും ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കവിതാ രചനയിൽ സാവിയോ കോളിൻസിന് ഒന്നാം സ്ഥാനം
Next post പെനാള്‍ട്ടിയില്‍ ജപ്പാന് പിഴച്ചു: ലിവകോവിച് മാലാഖയായി.: ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
Close

Thank you for visiting Malayalanad.in