ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരം: ഒരാഴ്ച പൂർണ്ണ വിശ്രമം.

ബര്‍ലിന്‍: ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി.ഒരാഴ്ചത്തെ പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.തൊണ്ടയിലെ അസുഖത്തിനാണ് ചികിത്സ. മൂന്നുദിവസം മുന്‍പാണ് ഉമ്മന്‍ ചാണ്ടി ബെര്‍ലിനിലെത്തിയത്.

ബുധനാഴ്ച ഡോക്ടര്‍മാര്‍ വിശദപരിശോധന നടത്തിയശേഷമാണ് ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചത്. 78കാരനായ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില 2019 മുതല്‍ മോശമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങളാല്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. 79-ാം പിറന്നാള്‍ ദിനത്തില്‍ ആലുവ പാലസില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ നേരില്‍കണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളും ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.
മകള്‍ മറിയ, മകന്‍ ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന്‍ എംപി, ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരാണ് അദ്ദേഹത്തോടൊപ്പമുള്ളത്.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി. 312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്.

One thought on “ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരം: ഒരാഴ്ച പൂർണ്ണ വിശ്രമം.

  1. ചാണ്ടി സാർ
    ദൈവം അനുഗ്രഹിക്കട്ടെ.
    സർ പൂർണ്ണ ആരോഗ്യവാനായി ഇനിയും വളരെക്കാലം ഇനിയും നമ്മോടൊപ്പം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജല ജീവന്‍ മിഷന്‍; ലക്ഷ്യം കൈവരിക്കുന്ന ആദ്യ ജില്ലയാകാന്‍ വയനാടിന് കഴിയും- മന്ത്രി റോഷി അഗസ്റ്റിന്‍
Next post ലോകകപ്പ് വൺ മില്യൺ ഗോൾ: വയനാട്ടിൽ 21-ന് ക്യാമ്പയിൻ
Close

Thank you for visiting Malayalanad.in