വയനാട് ടൗൺ ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങൾ തുടങ്ങി: ദുരന്ത ബാധിതരിൽ ഒരു വിഭാഗം പ്രതിഷേധത്തിൽ

.

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങളും തുടങ്ങി. ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി. സിദ്ദീഖിനെ ഒരു വിഭാഗം കൂകി വിളിച്ചതാണ് പ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണം. ദുരിത ബാധിതരെ സംബന്ധിച്ച് ലിസ്റ്റിന് പുറത്തായവരെ പുതിയതായി ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 1100- കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. എന്നാൽ സർക്കാർ ലിസ്റ്റിൽ 410 കുടുംബങ്ങൾ മാത്രമാണ് ഉൾപ്പെട്ടത്.
ഇവരിൽ എട്ട് കുടുംബങ്ങൾ സർക്കാരിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി മുസ്ലീംലീഗിൻ്റെ ഭവന പദ്ധതിയിലേക്ക് മാറി. ബാക്കിയുള്ള 402 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ 35 ക്ലസ്റ്ററുകളിലാണ് വീടുകൾ നിർമ്മിക്കുന്നത്. ഇതിൽ ഫേസ് ഒന്നിൽപ്പെട്ട 178 കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രി ഏഴ് സെൻ്റ് സ്ഥലത്തിൻ്റെ വീതം പട്ടയം നൽകിയത്. എന്നാൽ വീടുകൾ താമസയോഗ്യമായിട്ടില്ല. ലീഗ് തൃക്കൈപ്പറ്റ വെള്ളിത്തോട് നിർമ്മിച്ച 51 വീടുകളാവട്ടെ ഇപ്പോൾ തന്നെ താമസയോഗ്യമാണ്.
ജോൺ മത്തായി കമ്മീഷൻ ഗോ സോൺ എന്ന് പറഞ്ഞ സ്ഥലത്ത് പോലും ദുരിത ബാധിതർക്ക് ഇനി അവിടെ താമസിക്കാൻ കഴിയില്ല. കൂടാതെ, അട്ടമല , കൊയ്നാകുളം, പട്ട വെട്ടികുന്ന് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും പുനരധിവാസം ആവശ്യമാണ്.. സർക്കാരിൻ്റെ ചില മാനദണ്ഡങ്ങൾ കാരണം ലിസ്റ്റിൽ ഉൾപ്പെടാത്തവരും ധാരാളം ഉണ്ട്. നിരവധി പരാതികൾ നൽകി സർക്കാരിൻ്റെ ഹിയറിംഗ് കഴിഞ് കനിവിനായി കാത്തുനിന്നവർ ഉദ്ഘാടനദിവസം ഒരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. കൂടുതലായി ആരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യം പരാമർശിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയതാണ് പ്രതിഷേധത്തിന് കാരണം. സർക്കാരിൽ നീതി പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലന്നും ദുരന്തബാധിതർ പറയുന്നു.
.
എം.എൽ.എയെ അപമാനിച്ചപ്പോഴും നിശ്ബ്ദരായിരുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റമാണ് പ്രധാനമായും വിവാദമായിട്ടുള്ളത്.

പ്രസംഗസമയത്തിന് മുമ്പ് എം.എൽ.എ.യുടെ പേര് പരാമർശിക്കുമ്പോഴൊക്കെ ഒരു വിഭാഗം കൂകി വിളിക്കുന്നുണ്ടായിരുന്നു. സ്വാഭാവികമയും പ്രസംഗിക്കുമ്പോൾ കൂകിവിളികൾ കൂടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ് . അധ്യക്ഷനെന്ന നിലയിൽ റവന്യൂ മന്ത്രി കെ. രാജന് മൈക്ക് കൈയ്യിലെടുത്ത് ഈ വിഭാഗത്തെ ശാന്തരാക്കാമായിരുന്നു. ഇത്തരം സംഭവങ്ങളിൽ സ്ഥിരമായി പ്രതികരിക്കുന്ന മുഖ്യമന്ത്രിയും അനങ്ങിയില്ല. മന്ത്രിമാർ കൂകിവിളി ആസ്വദിച്ചുവെന്നാണ് ആരോപണം. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളടക്കം കൂവലിനെതിരെ രംഗത്ത് വന്നപ്പോഴും സി.പി.എം. നേതൃത്വം നടപടിയെ ന്യായീകരിക്കുന്നതിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ദുരന്തബാധിതരാണ് കൂകിയത് എന്ന തരത്തിലും വയനാടൻ ജനത കൂകി വിളിച്ചു എന്ന തരത്തിലും ഇടത് സൈബർ ഇടങ്ങളിൽ വരുന്ന കണ്ടൻ്റുകൾ ദുരന്തബാധിതരെയും വയനാടൻ ജനതയെയും പരിഹസിക്കുന്നതാണെന്നും ആരോ പണമുണ്ട് .

*ലിസ്റ്റിന് പുറത്തുള്ളവരും ഉദ്ഘാടനത്തിന് വന്നിരുന്നു: നസീർ ആലക്കൽ (ചെയർമാൻ , ജനശബ്ദം കർമ്മസമിതി)*

പടവെട്ടിക്കുന്ന്, കൊയ്നാകുളം, റാട്ടപ്പാടി, മുണ്ടക്കൈ , അട്ടമല , ഗോപിമൂല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദുരന്തബാധിതർ ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അവരെ സർക്കാർ ചേർത്തുപിടിക്കുമെന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം കർമ്മ സമിതിയുടെ ചെയർമാൻ നസീർ ആലക്കൽ പറഞ്ഞു.
*ടൗൺഷിപ്പ് നിർമ്മാണം കേന്ദ്രത്തിൻ്റെ ഫണ്ട് ഉപയോഗിച്ച്: പ്രശാന്ത് മലവയൽ(ബി.ജെ.പി. ജില്ലാ പ്രസിഡണ്ട്)*

മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ ഇല്ലാത്ത കാര്യങ്ങൾ ആരോപണമായി സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിൻ്റെ സാസ്കി ഫണ്ടുപയോഗിച്ച് തന്നെയാണ് നിർമ്മാണം നടക്കുന്നത്. അല്ലങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്ര രൂപ ചിലവാക്കിയെന്നും എത്ര രൂപ ബാക്കിയുണ്ടെന്ന് പറയണം.. ടൗൺഷിപ്പ് എല്ലാവരുടേതുമാണ്. അത് ചിലരുടേത് മാത്രമാക്കി മാറ്റാനാണ് ശ്രമം.
*എച്ച്. ബി. പ്രദീപ്മാസ്റ്റർ* (യു.ഡി.എഫ്. കൺവീനർ)
ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ കൽപ്പറ്റ എം.എൽ.എ .ടി. സിദ്ദീഖിനെതിരെ നടന്നത് വൃത്തികെട്ടതും പ്രതിഷേധാർഹമായ നടപടിയിൽ അപലപിക്കുന്നു. ‘ സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം ദുരന്ത സമയം മുതൽ ഇപ്പോഴും അവർക്കൊപ്പം നിൽക്കുന്ന എം.എൽ.എക്കെതിരെ നടന്നത് ആസൂത്രിതമായ നീക്കമാണ്. മന്ത്രിമാരുൾപ്പടെയുള്ളവർ അതിൽ തെറ്റുകാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എ .ഐ   സാധ്യതകളും വെല്ലുവിളിയും ; വിമൻ ചേംബറിന്റെ ശിൽപ്പശാല 28 ന്
Next post കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി
Close

Thank you for visiting Malayalanad.in