സൈബർ കേസിൽ കൂടുതൽ അറസ്റ്റ് വയനാട്ടിൽ: പ്രതികളധികവും ഉത്തരേന്ത്യക്കാർ.

കേരളത്തിൽ വെർച്വൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടരുമ്പോൾ ഏറ്റവും കൂടുതൽ സൈബർ അറസ്റ്റ് നടന്ന ജില്ലയായി മാറുകയാണ് വയനാട് . വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദ്ദേശാനുസരണം സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടുതൽ അറസ്റ്റ് നടത്തിയിട്ടുള്ളത്. ഭൂരിഭാഗം പ്രതികളെയും കസ്റ്റഡിയിലെടുത്തു അറസ്റ്റ് ചെയ്തിട്ടുള്ളത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് .
പടിഞ്ഞാറത്തറ സ്വദേശിയായ ഐ ടി ജീവനക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസിൽ ഒക്ടോബർ 25 -ന് രാജസ്ഥാൻ ബിക്കനീർ സ്വദേശിയായ ശ്രീരാം ബിഷ്ണോയ് വയനാട് സൈബർ പോലീസിൻ്റെ പിടിയിലായിരുന്നു.

ട്രേഡിങ് ആപ്പ് വഴി നിക്ഷേപം സ്വീകരിച്ച് 77 ലക്ഷം രൂപ തട്ടിയ കേസിൽ ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധയും ഒക്ടോബർ 30 -ന് അറസ്റ്റിലായി .

വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ സംഭവിച്ചത് എന്ന തരത്തിൽ എ ഐ ഉപയോഗിച്ച് സ്വിപ് ലൈൻ അപകടത്തിൻ്റെ വീഡിയോ നിർമ്മിച്ച ആലപ്പുഴ തിരുവമ്പാടി തൈവേളിക്കകം കെ. അഷ്കർ വയനാട് സൈബർ പോലീസിന്റെ പിടിയിലാകുന്നത് നവംബർ 18നാണ്.
വ്യാജ ട്രേഡിങ് വഴി 33 ലക്ഷം രൂപ തട്ടിയ കേസിൽ ബംഗളൂരുവിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം താനൂർ സ്വദേശി താഹിറും കഴിഞ്ഞ മാസമാണ് വയനാട് സൈബർ പോലീസിന്റെ പിടിയിലാകുന്നത്.
ഏറ്റവും ഒടുവിൽ വ്യാജ ഓൺലൈൻ ട്രേഡിഗ് ആപ്പ് വഴി 77 ലക്ഷം രൂപ കേസിൽ ഉത്തർപ്രദേശ് സ്വദേശി ആകാശ് യാദവിനെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ സൈബർ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞമാസം ഓപ്പറേഷൻ സൈഹണ്ട് എന്ന പേരിൽ പോലീസ് നടത്തിയ റെയ്ഡിൽ 27 പേരെ കസ്റ്റഡിയിൽ എടുക്കുകയും 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഇതെല്ലാം തുടരുന്നതിനിടയാണ് വയനാട് കലക്ടർ ഡി ആർ മേഘശ്രീയുടെ പേരിൽ പണം ആവശ്യപ്പെട്ട് വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചത്. കേസിൽ സൈബർ പോലീസിന്റെ അന്വേഷണം തുടർന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ
Next post കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ  വർണ്ണാഭമായ തുടക്കം
Close

Thank you for visiting Malayalanad.in