ഹോട്ടൽ ബുക്കിംഗിലെ തട്ടിപ്പുകൾക്കെതിരെ  ജാഗ്രത പാലിക്കുക – കെ ടി എം സൊസൈറ്റി

കൊച്ചി:.കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, കുമരകം ഉൾപ്പെടെ മറ്റ് നഗരങ്ങളിലടക്കം വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നതായി കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം.) മുന്നറിയിപ്പ് നല്‍കി. പ്രധാനമായും പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് കെ ടി എം പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
ടൂറിസം സീസൺ ആരംഭിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെ.ടി.എം അഭ്യർത്ഥിച്ചു. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇമെയില്‍-വാട്സ്സാപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. അഡ്വാൻസ് പേയ്മെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രങ്ങൾ.
ഹോട്ടൽ ജീവനക്കാരന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യു.ആർ. കോഡ് വഴിയോ പേയ്മെന്റ് ലിങ്കുകൾ വഴിയോ പണം കൈക്കലാക്കുന്ന രീതിയാണ് തട്ടിപ്പുകാർ അവലംബിക്കുന്നത്. ഇതുവരെയായി പതിനായിരക്കണക്കിന് രൂപ നിരവധി സഞ്ചാരികൾക്ക് നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഹോട്ടലുകൾ ബുക്ക് ചെയ്ത ശേഷം മുന്‍കൂര്‍ പേയ്മന്റ് ആവശ്യപ്പെട്ട് അപരിചിതരിൽ നിന്ന് കോളുകളോ ഇമെയില്‍-വാട്സ്സാപ്പ് സന്ദേശങ്ങളോ ലഭിച്ചാൽ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കെടിഎം മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും പേയ്മെന്റ് നടത്തുന്നതിന് മുമ്പ്, ബുക്ക് ചെയ്ത ഹോട്ടലിന്റെ ഔദ്യോഗിക ഫോൺ നമ്പറിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കെ.ടി.എം. അംഗങ്ങളായ ഹോട്ടലുകൾ അവരുടെ വെബ്സൈറ്റുകളിലും വൗച്ചറുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാ വിനോദസഞ്ചാരികളും അതീവ ശ്രദ്ധയും മുൻകരുതലും എടുക്കണമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പക്ഷി മേളയിൽ പാടിയും പറഞ്ഞും ബാവുൾ ഗായിക ശാന്തിപ്രിയ
Next post ഒപ്പം പദ്ധതി: ചെമ്പട്ടിയിലെ വിദ്യാർത്ഥികൾ വയനാട് ബേർഡ് ഫെസ്റ്റിവൽ സന്ദർശിച്ചു.
Close

Thank you for visiting Malayalanad.in