‘സംഘര്‍ഷത്തെ കളിക്കളത്തിലേക്കു കൊണ്ടു വരുന്നു’; ഇന്ത്യാ -പാക് മത്സരം തല്‍ക്കാലം വേണ്ട: ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ വേണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍. കായികമേഖലയെ പിരിമുറുക്കങ്ങള്‍ക്കും പ്രചാരണത്തിനുമുള്ള വേദിയാക്കുന്ന സാഹചര്യത്തില്‍ ഈ രണ്ട് എതിരാളികള്‍ തമ്മിലുള്ള ക്രിക്കറ്റ് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതാകും ഉചിതം. ദി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അതര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.
ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതും, വിജയികളായ ഇന്ത്യ ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എസിസി അധ്യക്ഷനായ പാകിസ്ഥാന്റെ മുഹസിന്‍ നഖ്വി ട്രോഫിയുമായി പോയതും ചൂണ്ടിക്കാട്ടിയാണ് അതര്‍ട്ടന്റെ അഭിപ്രായപ്രകടനം. നിലവില്‍ സാമ്പത്തിക നേട്ടം മുന്‍നിര്‍ത്തി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉള്‍പ്പെടുത്തി വരുന്നുണ്ട്. മൈക്കല്‍ ആതര്‍ട്ടണ്‍ പറഞ്ഞു.
2013 മുതല്‍ എല്ലാ ഐസിസി ചാംപ്യന്‍ഷിപ്പുകളിലും ഗ്രൂപ്പ് ഘട്ടം മുതല്‍ ഇന്ത്യ- പാക് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണ അവകാശങ്ങള്‍ വില്‍ക്കുന്നതിലടക്കം ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ പ്രാധാന്യം വഹിക്കുന്നുണ്ട്. ഒരുകാലത്ത് ക്രിക്കറ്റ് നയതന്ത്രത്തിനുള്ള ഒരു മാര്‍ഗമായിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പിരിമുറുക്കങ്ങള്‍ക്കും പ്രചാരണത്തിനുമുള്ള വേദിയായി മാറിയിരിക്കുന്നു. ആതര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.
ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ട് മുഖ്യ ശത്രുക്കളും ഒരു തവണയെങ്കിലും ഏറ്റുമുട്ടുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള ക്രമീകരണം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും, ഒരു ഗൗരവമേറിയ കായിക വിനോദത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍, മത്സരങ്ങള്‍ ക്രമീകരിക്കുന്നതിന് ന്യായീകരണമില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച നിലയിലല്ലെന്നും മൈക്കല്‍ ആതര്‍ട്ടണ്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി
Next post കസ്റ്റഡി മര്‍ദ്ദനം: ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ട്രാൻസ്ഫർ; ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റി
Close

Thank you for visiting Malayalanad.in