കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ 9 30 മുതൽ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി. പൊതുസമ്മേളനം ,കാർഷിക സെമിനാർ ,ചർച്ച എന്നിവ ഇതോടനുബന്ധിച്ചു ഉണ്ടാകും . കാപ്പി കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക കൗണ്ടർ ഇതോടനുബന്ധിച്ച് പ്രവർത്തിക്കും. വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ,കോഫി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കാപ്പി കർഷക സംഘടനാ പ്രതിനിധികൾ, എഫ് പി ഓ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 1500 കർഷകർ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും. അന്താരാഷ്ട്ര കാപ്പി ദിനത്തിൻ്റെ ഭാഗമായി വയനാട്ടിൽ വർഷംതോറും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. നഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന ദിനാഘോഷ പരിപാടികൾ ഇതാദ്യമായാണ് ഗ്രാമതലത്തിൽ സംഘടിപ്പിക്കുന്നത്.