അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഞായറാഴ്ച്ച നടന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍ മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളെത്തി. ക്രിക്കറ്റ് മത്സരം തത്സമയം കാണാണമെന്ന ആഗ്രഹം സെന്ററിലെ ചില കുട്ടികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു അവസരമൊരുങ്ങിയത്. സ്‌കൂള്‍ അധികൃതര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായി ബന്ധപ്പെടുകയും അവര്‍ ഈ ആവശ്യം അംഗീകരിച്ച് കുട്ടികള്‍ക്ക് ക്രിക്കറ്റ് മത്സരം കാണാനുള്ള അവസരം ഒരുക്കുകയുമായിരുന്നു. വൈക്കത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ മുപ്പത്തിയഞ്ചംഗ സംഘം യാത്ര തിരിച്ച് ഉച്ചയോടെ കാര്യവട്ടം ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെത്തി. അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ നേതൃത്വത്തില്‍ ജേഴ്സി നല്‍കി സ്പെഷ്യല്‍ സ്‌കൂള്‍ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് ട്രിവാന്‍ഡ്രം റോയല്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും തമ്മിലുള്ള മത്സരം കണ്ട് ആത്മസംതൃപ്തിയോടെയാണ് സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ തിരുവനന്തപുരത്ത് നിന്ന് വൈക്കത്തേക്ക് മടങ്ങിയത്. അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ പ്രവര്‍ത്തനം കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ക്രിക്കറ്റിലൂടെ ഒന്നിപ്പിക്കുന്ന സമീപനമാണ് ടീമിന്റെയെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു. കുട്ടികള്‍ക്ക് യാത്രാക്രമീകരണത്തിനുള്ള സൗകര്യം ഒരുക്കിയത് സാറ്റേണ്‍ ഗ്ലോബല്‍ ഫൗണ്ടേഷനും കെ.ഇ. സ്‌കൂള്‍ മാന്നാനവും സംയുക്തമായാണ്. സെന്ററിലെ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് വിവിധ യാത്രാ പദ്ധതികള്‍ സംഘടിപ്പിക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ കുട്ടികളെ കൊച്ചിയിലേക്ക് വിനോദസഞ്ചാരത്തിന് കൊണ്ടുപോയിരുന്നു. തിരുവനന്തപുരത്ത് എത്തിയ കുട്ടികള്‍ മത്സരം ആവേശത്തോടെയാണ് വീക്ഷിച്ചത്. കുട്ടികള്‍ക്കൊപ്പം ഇവരുടെ മാതാപിതാക്കളും എത്തിയിരുന്നു. ഇത്തരമൊരു അവസരം ഒരുക്കിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് മാനേജ്‌മെന്റിന് നന്ദി പറഞ്ഞാണ് ഇവര്‍ തിരികെ പോയത്. മത്സരം കാണാണമെന്ന കുട്ടികളുടെ ആഗ്രഹം ട്രിവാന്‍ഡ്രം റോയല്‍സ് ടീം മാനേജ്‌മെന്റിനെ അറിയിച്ചപ്പോള്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാമെന്നും തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ യാത്രാ സൗകര്യവും മറ്റു ക്രമീകരണങ്ങളും ഒരുക്കി തന്നതായി സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂനിറ്റി ഹെല്‍ത്ത് (സച്ച്) സൗത്ത് ഹെഡ് പ്രദീപ്.സി. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓണം പുസ്തക വിപണന മേള 25 മുതൽ
Next post കോട്ടത്തറ കോട്ടേക്കാരന്‍ പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(75) നിര്യാതയായി.
Close

Thank you for visiting Malayalanad.in