തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു. അവധി ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കാന്‍ അവധി ദിവസങ്ങളായ ഓഗസ്റ്റ് 9, 10 തിയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.
നിലവില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സമ്മതിദായകര്‍ ഫോം 4, ഫോം 5, ഫോം 6, ഫോം 7 പ്രകാരമുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷകളിലും ആക്ഷേപങ്ങളിലും സമയബന്ധിതമായി തുടര്‍ നടപടി സ്വീകരിക്കാന്‍ അവധി ദിവസങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദശം നല്‍കിയത്. അവധി ദിവസങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന അപേക്ഷകര്‍ക്ക് ഹിയറിങ്, ഫോം 5 പ്രകാരമുള്ള ആക്ഷേപങ്ങള്‍ നേരിട്ട് സ്വീകരിക്കല്‍, വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ എന്നിവയ്ക്ക് സാധ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുസാറ്റ് പരീക്ഷാ ഫലം: റാങ്ക് തിളക്കത്തില്‍ സി.ഐ.എ.എസ്.എല്‍ അക്കാദമി
Next post നൈപുണ്യ വികസനം:   കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
Close

Thank you for visiting Malayalanad.in