കുസാറ്റ് പരീക്ഷാ ഫലം: റാങ്ക് തിളക്കത്തില്‍ സി.ഐ.എ.എസ്.എല്‍ അക്കാദമി

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷന്‍ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിക്ക് റാങ്ക് നേട്ടം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് എന്നീ കോഴ്‌സുകളിലാണ് വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചപ്പോള്‍ അഞ്ച് പേര്‍ റാങ്കും കരസ്ഥമാക്കി.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് കോഴ്സില്‍ പ്രണോയ് അഗസ്റ്റിന്‍ ഫ്രാന്‍സിസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊച്ചി തമ്മനം സ്വദേശികളായ ഷാജി എന്‍.എ, ജിനി ജോര്‍ജ്ജ് എന്നിവരുടെ മകനാണ് പ്രണോയ്. ഇതേ കോഴ്സില്‍ വൈഷ്ണവ് വി കമ്മത്തും അയൂബ് അഷ്റഫും രണ്ടാം റാങ്ക് പങ്കിട്ടു. ആലുവ സ്വദേശിയായ വൈഷ്ണവ്, വെങ്കിടേശ്വര കമ്മത്തിന്റെയും മഞ്ജുള ആര്‍ പൈയുടെയും മകനാണ്. ചേര്‍ത്തല കോടംതുരുത്ത് സ്വദേശിയായ അയൂബ്, അഷ്റഫ് എസ്.എമ്മിന്റെയും സജീന ടി.എന്നിന്റെയും മകനാണ്.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് കോഴ്സില്‍ കോട്ടയം രാമപുരം സ്വദേശി അഗസ്റ്റിന്‍ ജേക്കബ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ജേക്കബ് മാത്യു, ഡെയ്സി ജേക്കബ് എന്നിവരാണ് മാതാപിതാക്കള്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ അമല്‍ ചന്ദ്രന്‍ കെ. രണ്ടാം റാങ്കിന് അര്‍ഹനായി. ചന്ദ്രന്‍ പി.സി, സിന്ധു കെ എന്നിവരാണ് മാതാപിതാക്കള്‍. ഇന്ത്യയില്‍ ഏവിയേഷന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഏക യൂണിവേഴ്‌സിറ്റിയാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി. സി.ഐ.എ.എസ്.എല്‍ അക്കാദമിയിലെ ആദ്യ ബാച്ചിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇതിനോടകം വിവിധയിടങ്ങില്‍ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അദാണി റോയല്‍സ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം
Next post തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു. അവധി ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും
Close

Thank you for visiting Malayalanad.in