റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍ ആശുപത്രി .

കോഴിക്കോട്: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും നീക്കേണ്ടി വന്നു. വലത് വൃക്കയിലും കാന്‍സര്‍ കണ്ടെത്തി. പ്രവര്‍ത്തനക്ഷമമായ ഏക വൃക്ക ആയതിനാല്‍ ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ നീക്കി വൃക്ക നിലനിര്‍ത്തേണ്ടിയിരുന്നു. തുടര്‍ന്നാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റും വൃക്കമാറ്റ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. കൃഷ്ണമോഹന്‍ രാമസ്വാമിയുടെ നേതൃത്വത്തില്‍ ഡാവിഞ്ചി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് റോബോട്ടിക് പാര്‍ഷ്യല്‍ നെഫ്രെക്ടമി വിജയകരമായി നടത്തിയത്.
ട്യൂമറിന്റെ ഒരു ഭാഗം വൃക്കയുടെ പുറത്തും മറ്റൊരു ഭാഗം വൃക്കയുടെ നടുവിലുമായതിനാല്‍ അതിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ലായിരുന്നെന്ന് ഡോ. കൃഷ്ണമോഹന്‍ രാമസ്വാമി പറഞ്ഞു. ഡാവിഞ്ചി സംവിധാനത്തിന്റെ ത്രീഡിയിലുള്ള വലുതാക്കിയതും കൃത്യതയുള്ളതുമായ കാഴ്ചാ സൗകര്യവും മികച്ച ഉപകരണങ്ങളും ഉപയോഗിച്ച് ട്യൂമര്‍ വളര്‍ച്ചയെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്തു. ഏകദേശം 95% വൃക്കയും സംരക്ഷിച്ചായിരുന്നു ഈ ശസ്ത്രക്രിയ.
ശസ്ത്രക്രിയക്കിടെ വൃക്കയുടെ രക്തപ്രവാഹം തടയുന്നതിനായി റീനല്‍ ആര്‍ട്ടറി താല്‍ക്കാലികമായി ക്ലാമ്പ് ചെയ്തു. അധിക സമയം ഇങ്ങനെ ചെയ്യുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ കൃത്യതയോടെയും റോബോട്ടിക് സഹായത്തോടെയും ചെയ്ത ഈ ശസ്ത്രക്രിയ അതിവേഗം പൂര്‍ത്തിയാക്കി 35 മിനിറ്റിനുള്ളില്‍ ക്ലാമ്പ് അഴിക്കാനായി. രക്തപ്രവാഹം പുനഃസ്ഥാപിച്ച ഉടന്‍ തന്നെ മൂത്രമുണ്ടായി എന്നത് ഡയാലിസിസ് കൂടാതെ തന്നെ വൃക്ക പ്രവര്‍ത്തിക്കുന്നതിന്റെ അടയാളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടിക്ക് ശസ്ത്രക്രിയ ആയതിനാല്‍ വലിയ മുറിവുകളും രക്ത സ്രാവവും ഒഴിവാക്കാനായി. ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന നിയന്ത്രണത്തിന് പാരസെറ്റാമോള്‍ മാത്രം മതിയായിരുന്നുവെന്നും അതുകൊണ്ട് കിഡ്‌നിയുടെ പ്രവര്‍ത്തനത്തില്‍ അധിക സമ്മര്‍ദ്ദം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണുബാധയുടേയും ഹെര്‍ണിയ പോലുള്ള ബുദ്ധിമുട്ടുകളുടെയും സാധ്യത കുറക്കാനും വേഗം സുഖം പ്രാപിക്കാനും റോബോട്ടിക് ശസ്ത്രക്രിയ വഴി സാധിക്കും. രോഗിക്ക് 48 മണിക്കൂറിനുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെങ്കിലും അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് വലിയ ശസ്ത്രക്രിയകള്‍ നടന്ന സാഹചര്യത്തില്‍ ഒരാഴ്ച മുഴുവന്‍ മെഡിക്കല്‍ നിരീക്ഷണത്തില്‍ വെച്ച ശേഷം പെറ്റ് സ്‌കാന്‍ നടത്തി കാന്‍സര്‍ രോഗ ബാധ ഇല്ലെന്നു സ്ഥിരീകരിച്ചു. അസുഖം വീണ്ടും പിടിപെടാതിരിക്കാനായി ഇമ്യൂണോതെറാപ്പിയും നിര്‍ദേശിച്ചിട്ടുണ്ട്.
ഡോ. കൃഷ്ണമോഹന്‍ രാമസ്വാമിക്ക് പുറമെ ഡോ. ഹരിഗോവിന്ദ്, ഡോ. പങ്കജ് എന്നിവരുള്‍പ്പെടുന്ന യൂറോളജിസ്റ്റ് സംഘവും അനസ്തീഷ്യ വിഭാഗത്തില്‍ നിന്നും ഡോ. ദീപയും ഡോ. രാജേഷും ഉള്‍പ്പെടുന്ന സംഘവും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ജീവന്‍ രക്ഷിച്ചതിലുപരി ഡയാലിസിസില്ലാതെ സാധാരണ നിലയില്‍ ജീവിതം തുടരാന്‍ സഹായിച്ചതില്‍ ഡോക്ടര്‍മാരോടുള്ള തന്റെ നന്ദി പ്രകടിപ്പിച്ചാണ് രോഗി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബെയ്ലി പാലത്തിന് വിള്ളൽ : പാലം അടച്ചു.:പുന്നപ്പുഴയിൽ ഇന്നും കുത്തൊഴുക്ക്.
Next post പന്തിപ്പൊയിൽ പരേതനായ കൊച്ചു കുളങ്ങര ജോണിൻ്റെ മകൻ ബിജു ജോൺ ( 5 1) നിര്യാതനായി
Close

Thank you for visiting Malayalanad.in