വയനാട്ടിലെ ആദ്യ എ ബി സി സെന്റര്‍ ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ബത്തേരി : തെരുവുനായ വര്‍ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ ബി സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന് എല്ലാവരുടെയും സഹകരണത്തോടെ നിയമങ്ങള്‍ പാലിച്ച് ജില്ലയിലെ എ ബി സി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ ആരംഭിച്ച എ ബി സി സെന്ററിന്റെയും ഓപ്പറേഷന്‍ തീയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മ്മിച്ച സെന്ററില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, സുല്‍ത്താന്‍ ബത്തേരി- പനമരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ തെരുവുനായകളുടെ പ്രജനന നിയന്ത്രണം ലക്ഷ്യമിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ എബിസി സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. തെരുവ് നായകളുടെ എണ്ണം നിയന്ത്രിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യം. സെന്ററില്‍ ആദ്യഘട്ടത്തില്‍ ഒരു വെറ്ററിനറി സര്‍ജന്‍, നാല് മൃഗ പരിപാലകന്‍, ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ സഹായി, പട്ടി പിടുത്തക്കാര്‍ അടങ്ങുന്ന ടീമാണുള്ളത്. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ 6000 ത്തിലധികം തെരുവ് നായകളുണ്ട്. ആദ്യഘട്ടത്തില്‍ ഓരോ പഞ്ചായത്തിലെയും സ്‌കൂള്‍ പരിസരം, മാര്‍ക്കറ്റുകള്‍, ടൗണുകള്‍, കോളനികള്‍, പൊതുജനങ്ങള്‍ കൂടുതല്‍ വരുന്ന സ്ഥലങ്ങള്‍, തെരുവുനായ്ക്കള്‍ കൂടുതലായി കാണപ്പെടുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് നായകളെ പിടികൂടുക. പിടിക്കൂടുന്ന നായകളെ എ ബി സി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയും ചികിത്സയും നല്‍കി പൂര്‍ണ ആരോഗ്യം ഉറപ്പാക്കും. ഓപ്പറേഷന്‍ കഴിഞ്ഞതായി തിരിച്ചറിയാന്‍ വലത് ചെവിയില്‍ വി ഷേപ്പിലുള്ള അടയാളം നല്‍കും. ശസ്ത്രക്രിയ കഴിഞ്ഞ നായകള്‍ക്ക് മൂന്ന് ദിവസം മുതല്‍ അഞ്ചു ദിവസം വരെ ഷെല്‍ട്ടര്‍ സൗകര്യം നല്‍കും. ശേഷം പ്രതിരോധ കുത്തിവെപ്പ് നല്‍കി ആരോഗ്യം വീണ്ടെടുത്ത് ഏത് പഞ്ചായത്തില്‍ നിന്നാണോ പിടിച്ചത് അതേ സ്ഥലത്ത് തന്നെ തിരികെ വിടും. നായയുടെ ഓപ്പറേഷന് ശേഷമുള്ള അവയവങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കരിക്കും. എബിസി പ്രോഗ്രാം പ്രകാരം ഓപ്പറേഷനും മറ്റ് നടപടികളും നടക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ പ്രകാരമാണെന്ന് ചീഫ് വെറ്ററിനറി ഓഫീസറും എസ് പി സി എ പ്രതിനിധി അടങ്ങിയ മോണറ്ററിങ് സമിതി വിലയിരുത്തും. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനക്കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ്, മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി ജോസഫ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം എം ഇന്ദിര, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ
Next post മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
Close

Thank you for visiting Malayalanad.in