ഇസ്രയേൽ – അമേരിക്കൻ അന്താരാഷ്ട്ര ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി ശബ്ദിക്കണം – റസാഖ് പാലേരി

– _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_
കൽപ്പറ്റ: ഇസ്രയേൽ – അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച് പട്ടിണിക്കിട്ടും വംശഹത്യ അതിന്റെ ഭീകരവും മൂർദ്ധന്യവുമായ അവസ്ഥയിൽ എത്തി നിൽക്കുന്നു. ഇസ്രയേലിന് ചുറ്റുമുള്ള രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണവും തുടരുകയാണ്. ഇസ്രയേൽ – അമേരിക്കൻ അന്താരാഷ്ട്ര ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സഹോദരിക്കുള്ള പദയാത്രയ്ക്ക് കൽപ്പറ്റ മണ്ഡലത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗകര്യപൂർവം മൗനം അവലംബിക്കുന്ന എല്ലാവരുടെ കൈയിലും നാവിലും ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ചോരക്കറയുണ്ട്. കൊട്ടിഘോഷിച്ച ജനാധിപത്യവും അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശവും ഉൾപ്പെടെ യുദ്ധമര്യാദകൾ പോലും ഇവിടെ കാഴ്ചക്കാരാണ്. പതിറ്റാണ്ടുകളായി ഇസ്രായേൽ അധിനിവേശത്തിന്റെ കെടുതികൾ അനുഭവിക്കുന്ന രാജ്യമാണ് ഫലസ്തീൻ. പുഴ മുതൽ സമുദ്രം വരെ ഫലസ്തീൻ സ്വാതന്ത്രമാകുന്ന നാളിന് വേണ്ടിയാണ് ഫലസ്തീനികൾ പോരാടിക്കൊണ്ടിരിക്കുന്നത്. ആ പോരാട്ടത്തോട് സർവ്വത്മനാ നാം ഐക്യദാർഢ്യപ്പെടുന്നു.
ഇസ്രായേൽ കുടിയേറ്റക്കാർ ഫലസ്തീനികളുടെ മണ്ണിൽ അധിനിവേശം നടത്തിയവരാണ്. ഫലസ്തീൻ പോരാളികൾ അവരുടെ നാടിന്റെ വിമോചനമാണ് ലക്ഷ്യം വെക്കുന്നത്. ചരിത്രത്തിന്റെ മുന്നോട്ട്പോക്കിൽ അവരാ ലക്ഷ്യം നേടിയെടുക്കും എന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്.
നീതിയും സമാധാനവും പുലരുന്ന ലോകക്രമം നിലവിൽ വരണം. സ്വതന്ത്ര ഫലസ്തീനാണ് നീതി. അത് സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ പതിറ്റാണ്ടുകളായി നില നിൽക്കുന്ന അനീതിക്കും അശാന്തിക്കും അറുതി വരുകയുള്ളൂ.
ഗസ്സയിലെ സ്‌കൂളുകളും ആരാധനാലയങ്ങളും പാർപ്പിടങ്ങളും നാമാവശേഷമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം ലോകത്തിന് അപരിചിതമല്ല. എല്ലാ വർഷവും ഫലസ്തീൻ കുഞ്ഞുങ്ങളെ ഇസ്രായേൽ നിഷ്കരുണം കൊലപ്പെടുത്താറുണ്ട്. ചോരക്കൊതിയുടെയും കൂട്ടക്കൊലകളുടെയും ചരിത്രമുള്ള രാഷ്ട്രമാണ് ഇസ്രായേൽ. അക്ഷരാർത്ഥത്തിൽ ഒരു ഭീകര രാഷ്ട്രം. അമേരിക്കൻ പിന്തുണ ഉള്ളത് കൊണ്ട് തന്നെ അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്, വർഷങ്ങളിലൂടെ ഫലസ്തീൻ അധിനിവേശം ശക്തിപ്പെടുത്തുകയും ഫലസ്തീനികളെ അഭയാർത്ഥികളാക്കുകയും ഗസ്സയെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാക്കി മാറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന രാഷ്ട്രം. നീതിബോധവും മനസ്സാക്ഷിയുമുള്ളവർക്ക് ഇസ്രയേലിനൊപ്പം നിൽക്കുക സാധ്യമല്ല.
ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെയും ഗസ്സയിലെ തുറന്ന ജയിലില്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീനികളെയും ഇല്ലാതാക്കാനുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലേക്കുള്ള പ്രധാന വഴിയായ താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന ജില്ലകളിലൊന്നാണ് വയനാട്. എന്നാല്‍ അവിടേക്കുള്ള പ്രധാന വഴിയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്ന അവസ്ഥയാണുള്ളത്. ഒരു വാഹനം തകരാറിലായാല്‍ റോഡ് പൂര്‍ണമായും ബ്ലോക്കാകും. മാത്രമല്ല ചുരത്തില്‍ കുരുങ്ങുന്നവര്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളോ വെള്ളമോ മറ്റോ ലഭിക്കാനുള്ള സംവിധാനമോ ഇല്ല. മെഡിക്കല്‍കോളേജിലേക്കും മറ്റുമുള്ള രോഗികളെ കൊണ്ടുപോകാന്‍ പോലും ബദല്‍ സംവിധാനമില്ല. അതിനാല്‍ ചുരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് വെല്‍ഫയെര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് കൽപ്പറ്റ മണ്ഡലത്തിൽ സ്വീകരണം നൽകി. പദയാത്രക്ക് വഴിയിൽ ഉടനീളം വ്യത്യസ്ത ജനവിഭാഗങ്ങൾ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. കൽപ്പറ്റ ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽവെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ തനിമ അധ്യക്ഷത വഹിച്ചു. പദയാത്ര നായകൻ റസാഖ് പാലേരിക്ക് വിവിധ സാമൂഹിക പ്രവർത്തകർ, വ്യത്യസ്ത സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഹാരാർപ്പണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്  പ്രഥമ പി ജി ബാച്ചിന്റെയും ആറാം ബാച്ച് എം ബി ബി എസിന്റെയും കോൺവൊക്കേഷൻ ശനിയാഴ്ച
Next post ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
Close

Thank you for visiting Malayalanad.in