ലീലയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന.

മാനന്തവാടി: മാനന്തവാടിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും തണ്ടര്‍ബോള്‍ട്ടും രണ്ടുദിവസമായി കാട്ടില്‍ തെരച്ചിലിലാണ്. ഞായറാഴ്ച വൈകിട്ടാണ് മാനന്തവാടിയിലെ വനത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ലീലയെ കാണാതായത്.
ലീല വനത്തിനുള്ളില്‍േക്ക് പോകുന്ന ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില്‍ ലീലയെ കണ്ട മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഞായറാഴ്ച ലീലയെ കാണാതായതിന് പിന്നാലെ വനംവകുപ്പും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വാഡുമൊക്കെ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് കൂടുതല്‍ പോലീസ് സംഘത്തെ കൂടി എത്തിച്ച്‌ പരിശോധന നടത്തുകയാണ്.
വീടിന് സമീപത്തുള്ള വനമേഖലയോട് ചേര്‍ന്ന് സ്ഥലത്തുകൂടി നടന്നുപോയെന്നു നാട്ടുകാര്‍ പറഞ്ഞു. ഡ്രോണ്‍ എത്തിച്ച്‌ പരിശോധന നടത്താനാണ് ഉദ്ദേശം. വന്യമൃഗങ്ങളുള്ള മേഖലയിലാണ് ലീലയെ കാണാതായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവടെ എത്രയും പെട്ടെന്ന് കണ്ടെത്തി കാടിന് പുറത്തെത്തിക്കുകയാണ് ഉദ്ദേശം. നേരത്തേ ഇവിടെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലമാണ്.
മാസങ്ങള്‍ക്ക് മുമ്പ്‌ കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. ലീലയ്ക്ക് മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് വിവരം. ലീലയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. മക്കളൊക്കെ മാറി താമസിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ്  ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ  മെഡൽ സ്വന്തമാക്കി.
Next post വനത്തിനുള്ളില്‍ കാണാതായ വയോധികയെ നാലാം നാൾ കണ്ടെത്തി
Close

Thank you for visiting Malayalanad.in