അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാട്* മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യാമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിക്കിള്‍സെല്‍ അസോസിയേഷന്‍ സെക്രട്ടറി കെ.ബി സരസ്വതിക്ക് ആരോഗ്യ കാര്‍ഡ് കൈമാറി മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് അതത് മെഡിക്കല്‍ ഓഫീസില്‍ നിന്നും കാര്‍ഡുകള്‍ ലഭ്യമാക്കും. ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതയും ഉള്ളവര്‍ക്ക് പ്രത്യേക യൂണിറ്റ് രോഗികള്‍ക്ക് ആശ്വാസമാകുമെന്നും യൂണിറ്റില്‍ എസി സൗകര്യം ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 10 കിടക്കകളുള്ള യൂണിറ്റില്‍ എച്ച്.പി.എല്‍.സി ആന്‍ഡ് എച്ച്.പി ഇലക്ട്രോഫോറസിസ് ടെസ്റ്റ് ലാബ് സൗകര്യം, ഫിസിയോതെറാപ്പി- പരിശോധനാ- അഡ്മിനിസ്‌ട്രേഷന്‍ മുറികള്‍ യൂണിറ്റിലുണ്ടാവും. വയനാട് മെഡിക്കല്‍ കോളെജില്‍ തൊറാസിസ്, ന്യൂറോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരെ തൊഴില്‍ നിയമ പരിധിയില്‍ കൊണ്ടുവരുന്നതിനും ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതിനും കേന്ദ്ര ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളെജില്‍ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ അസ്ഥിരോഗ വിഭാഗം മേധാവി അനിന്‍.എന്‍. കുട്ടിയേയും മെഡിക്കല്‍ സംഘത്തെയും മന്ത്രി അനുമോദിച്ചു. ഗവ മെഡിക്കല്‍ കോളെജില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായി. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹ സൈതലവി, മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ഡോ. വി.പി രാജേഷ്, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.എസ് മീന, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ കൗണ്‍സിലര്‍ എം.പി അനില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*ജീവിതത്തിലേക്ക് വീണ്ടും നടന്ന് വിനീത*
കഠിന വേദനയില്‍ ഏഴ് വര്‍ഷം തളര്‍ന്ന് കിടന്ന വിനീത നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് കാല്‍വെക്കുകകയാണ്. അരിവാള്‍ രോഗബാധയെ തുടര്‍ന്ന് ഇടുപ്പെല്ലിന് പഴുപ്പ് സ്ഥിരീകരിക്കുകയും മാനന്തവാടി മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ച സന്തോഷത്തിലാണ്. പുല്‍പ്പള്ളി കരിമ്പിന്‍ക്കൊല്ലി വീട്ടിലെ 32 കാരിയായ വിനീത ബിരുദ പഠന കാലത്താണ് കാലിന് വേദന അനുഭവപ്പെട്ട് വിവിധ ചികിത്സകള്‍ നടത്തിയിരുന്നു. ഇടുപ്പ് എല്ലിന് ആരംഭിച്ച പഴുപ്പ് ശരീരത്തിലേക്ക് ബാധിച്ചതോടെ ക്യാന്‍സര്‍ ബാധയാണെന്ന് പരിശോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ് ആദ്യം പരിശോധനകള്‍ നടത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അരിവാള്‍ അണുബാധ കണ്ടെത്തിയത്. പിന്നീട് അവിടെ നിന്നും ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 2023 ഡിസംബറില്‍ വേദന കൂടിയതോടെയാണ് മാനന്തവാടി ഗവ മെഡിക്കല്‍ കോളെജില്‍ ചികിത്സക്ക് എത്തിയത്. തുടര്‍ന്ന് മന്ത്രി ഒ.ആര്‍ കേളുവിന്റെ നിര്‍ദേശാനുസരണം 2024 ജനുവരിയില്‍ ആദ്യ ശസ്ത്രക്രിയ നടത്തുകയും ശേഷം ഫെബ്രുവരിയില്‍ രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് സംഭവിച്ചത് സ്വപ്നമാണെന്ന് വിനീത പറഞ്ഞു. ഇന്ന് സന്തോഷവതിയായി മുന്നേറുകയാണെന്നും ആശുപത്രിയിലെ എല്ലാം ഡോക്ടര്‍മാരോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നതായും വിനീത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി – പിടിയിലായത് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി
Next post അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലും  ഒളിപ്പിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
Close

Thank you for visiting Malayalanad.in