കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് കടുത്ത അനീതി: സണ്ണി ജോസഫ് എം എല്‍ എ

നാളെ വയനാട് കലക്‌ട്രേറ്റ് വളയും..: ഉരുള്‍ദുരന്ത ബാധിതരോടുള്ള അവഗണന; യു ഡി എഫ് രാപകല്‍സമരം തുടങ്ങി കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ യു ഡി എഫ് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം തുടങ്ങി. കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തബാധിതരെ തീര്‍ത്തും അവഗണിക്കുന്ന കുറ്റകരമായ അനീതിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് ആഴ്ചകള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഏഴ് മാസമായിട്ടും ചെയ്തുതീര്‍ക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്ഥലം കണ്ടെത്തിയില്ല, എത്ര സ്ഥലമാണ് ഓരോ കുടുംബങ്ങള്‍ക്കും നല്‍കേണ്ടത്, ഒരു വീടിനാകുന്ന ചിലവെത്ര എന്നിങ്ങനെ ഒരു കാര്യത്തിലും അന്തിമതീരുമാനത്തിലെത്താന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. വീട് വെച്ച് നല്‍കാന്‍ പല ഏജന്‍സികളും സംഘടനകളും മുന്നോട്ടുവന്നു. കര്‍ണാടക സര്‍ക്കാര്‍, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, യൂത്ത്‌കോണ്‍ഗ്രസ് അടക്കം വീട് വെച്ച് നല്‍കാനും തയ്യാറായി. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായിച്ചു. 750 കോടിയോളം രൂപയാണ് അതിലേക്കെത്തിയത്. ഇത്തരത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി എല്ലാവരും സഹായവുമായി എത്തി. എന്നാല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്രയും നാളായിട്ടും എങ്ങുമെത്തിയിട്ടില്ലെന്നും ഇതിനെതിരെ യു ഡി എഫ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാല്‍ എല്ലാ യു ഡി എഫ് എം എല്‍ എമാരും കല്‍പ്പറ്റയിലെത്തിയോ അല്ലെങ്കില്‍ നിയമസഭക്ക് മുമ്പിലോ ദുരന്തബാധിതരുടെപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നിരാഹാരം അനു ഷ്ഠിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആരംഭിച്ച രാപകല്‍സമരം ഇന്ന് രാവിലെ ഏഴ് മണിക്ക് അവസാനിക്കും. തുടര്‍ന്ന് കലക്‌ട്രേറ്റ് വളഞ്ഞുള്ള പ്രതിഷേധം ആരംഭിക്കും. യു ഡി എഫ് കല്‍പ്പറ്റ നിയോജമണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായിരുന്നു. എ പി അനില്‍കുമാര്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എന്‍ കെ റഷീദ്,പി പി ആലി,എം സി സെബാസ്റ്റ്യന്‍,പി ടി ഗോപാലക്കുറുപ്പ്, റസാഖ് കല്‍പ്പറ്റ, സലീം മേമന,ബി സുരേഷ് ബാബു, സി മൊയ്തീന്‍ കുട്ടി, അഡ്വക്കേറ്റ് ടി ജെ ഐസക്,കെ എല്‍ പൗലോസ്, സംഷാദ് മരക്കാര്‍,പോള്‍സണ്‍ കൂവക്കല്‍,ഗിരീഷ് കല്‍പ്പറ്റ,കെ വി പോക്കര്‍ഹാജി, കെ ഹാരിസ്,ഹര്‍ഷല്‍ കോന്നാടന്‍, എം എ ജോസഫ്, സി ശിഹാബ്, പി കെ അബ്ദുറഹിമാന്‍, ബിനു തോമസ്, ശോഭന കുമാരി,പി വിനോദ് കുമാര്‍,എം ജി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം; കേന്ദ്രത്തിന് ജന്മിയുടെ മാടമ്പിത്തരമെങ്കില്‍ സംസ്ഥാനം മനുഷ്യാവകാശ നിഷേധം നടത്തുന്നു; അഡ്വ. ടി സിദ്ധിഖ് എം എല്‍ എ.
Next post ഉരുള്‍ദുരന്തം: യു ഡി എഫ് കലക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു: സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്: ഇ ടി മുഹമ്മദ് ബഷീര്‍ എം പി.
Close

Thank you for visiting Malayalanad.in