കണ്ണൂർ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധ സമരങ്ങൾ കണ്ണൂരിനെ പോർക്കളമാക്കി

.

കണ്ണൂർ:കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ ഡി എം) നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂരില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ടയിലേക്ക് പോകാനിരുന്ന എ ഡി എമ്മിനെ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. കണ്ണൂരില്‍ നിന്നും സ്വന്തം നാട് കൂടിയായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫർ ലഭിച്ച നവീന്‍ ബാബു ഇന്ന് പുലർച്ചെ ചെങ്ങന്നൂരില്‍ എത്തേണ്ടതായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാനായി ചെങ്ങന്നൂർ റെയില്‍ വേ സ്റ്റേഷനില്‍ ബന്ധുക്കള്‍ കാത്ത് നില്‍ക്കുന്നുമുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന് ബാബു ഇറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ബന്ധുക്കള്‍ കണ്ണൂരില്‍ വിവരം അറിയിച്ചതിനെ തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നവീന്‍ ബാബുവിനെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലം മാറിപ്പോകുന്ന എ ഡി എമ്മിന് കഴിഞ്ഞ ദിവസം ഓഫീസില്‍ വെച്ച് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷ വിമർശനമായിരുന്നു യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ നടത്തിയത്. എന്‍ ഒ സി നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി. ഇതിന്റെയെല്ലാം തെളിവ് തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്ത് വിടുമെന്നും കളക്ടർ കൂടി പങ്കെടുത്ത പരിപാടിയില്‍ വെച്ച് പി പി ദിവ്യ പറഞ്ഞു.
ആദ്യം നല്‍കാതിരുന്ന എന്‍ ഒ സി ഇപ്പോള്‍ എങ്ങനെ കിട്ടിയെന്ന് അറിയാം. എന്തായാലും എന്‍ ഒ സി നല്‍കിയതിന് അദ്ദേഹത്തോട് നന്ദി പറയാനാണ് വന്നത്. ജീവിതത്തില്‍ എപ്പോഴും സത്യസന്ധത പുലർത്തണം. കണ്ണൂരില്‍ നടത്തിയത് പോലെയുള്ള പ്രവർത്തനങ്ങളായിരിക്കരുത് ഇനി പോകുന്ന സ്ഥലങ്ങളില്‍ നടത്തേണ്ടത്. നല്ലരീതിയില്‍ ആളുകളെ സഹായിക്കണമെന്നും പിപി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ വിമർശനത്തിലും ആരോപണത്തിലും മനം നൊന്താണ് എ ഡി എം ജീവനൊടുക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മരണത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടങ്ങി. പ്രക്ഷോഭ സമരങ്ങൾ കണ്ണൂരിനെ പോർക്കളമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പുനരധിവാസം: എൽ.ഡി.എഫും യു.ഡി.എഫും നിയമസഭയെ ദുരുപയോഗിച്ചു: കെ.സുരേന്ദ്രൻ: പരിഹസിച്ച് ബി. ജെ.പി. പോസ്റ്റർ
Next post അമിത ടിക്കറ്റ് നിരക്ക് വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ തകർക്കും: വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റി
Close

Thank you for visiting Malayalanad.in