ബത്തേരി : അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസ്റ്റ് ദിനം ആചരിച്ചു. പത്രപ്രവർത്തകനും ഹ്യൂമാനിറ്റേറിയനുമായ കെ.എം. ഷിനോജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രക്തദാന രംഗത്ത് കാൽനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കെ.എം. ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം ക്ലാസ് നയിച്ചു. തുടർന്ന് രക്തദാനം നടത്തിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടൂറിസം വിഭാഗം മേധാവി എ.സി. ലിൻസി, പ്രോഗ്രാം കോർഡിനേറ്റർ പി. സിനാസ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.