“ഉരുളെടുക്കാത്തെ സ്നേഹം; വെള്ളാർമലയിലെ കുട്ടികൾക്ക് ഉണ്ണി മാഷ് ഉയിരാണ് “

വെള്ളാർ മല എന്ന നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണി മാഷ്‌. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അയാള്‍ക്കത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ അയാളുമേറെ പങ്കുവഹിച്ചിരുന്നു. ജീവിത നിയോഗം പോലെ വയനാട് ചൂരല്‍മലയില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഉണ്ണികൃഷ്ണന്‍ മാഷിന് സ്വപ്നം പൂവണിയും മുന്നേ കാണേണ്ടി വന്നത് ഹൃദയം പിളര്‍ത്തുന്ന കാഴ്ചകളായിരുന്നു.അരുമ ശിഷ്യരില്‍ മിക്കവരും തിരിച്ചുവരാതെ ചേതനയറ്റ് ഗാഢനിദ്രയിലായതോടെ അന്ന് ഉണ്ണി മാഷ് വിറങ്ങലിച്ചു.
അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ മാഷ് 18 വര്‍ഷമായി വയനാട്ടിലെ ഓണംകേറാമൂലയിലെ ചൂരല്‍മല വെള്ളാര്‍മല ഗവ. എച്ച് എസ് എസില്‍ അധ്യാപകനാണ്. സ്നേഹവായ്പുമായി ചൂരല്‍മലയിലെ നാട്ടുകാരും വിദ്യാര്‍ഥികളും കൂടെ നിന്നപ്പോള്‍ ഉണ്ണി മാഷ് അവരുടെ സ്വന്തക്കാരനായി. അധ്യാപക ജോലിക്കായി 2006ല്‍ പി എസ് സി പരീക്ഷയെഴുതിയ ഉണ്ണിക്ക് ആദ്യ നിയമനം കിട്ടിയത് തന്നെ ആരും അധികകാലം തുടരാത്ത വെള്ളാര്‍മല സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു.
തേയില തോട്ടത്തിലെ ജോലിക്കാരുടെ ലയങ്ങള്‍ക്കും പുഴകള്‍ക്കും കാടിനും മലകള്‍ക്കുമിടയിലായി പിന്നീട് ഉണ്ണി മാഷുടെ ജീവിതം. ഒറ്റപ്പെട്ട ബസ് സര്‍വീസ് മാത്രമുള്ള വെള്ളാര്‍മലയില്‍ കൃത്യമായി ആഹാരം പോലും കിട്ടാത്ത കുട്ടികള്‍ക്ക് വിദ്യയെത്തിക്കാനുള്ള ശ്രമങ്ങള്‍. അധികമാരും ഒറ്റപ്പെട്ട മേഖലയിലെ ഈ സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടില്ല. 26 അധ്യാപകരുള്ള സ്‌കൂളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സര്‍വീസുള്ളതും ഉണ്ണിക്ക് തന്നെ. മലയാളം അധ്യാപകനായിട്ടും മറ്റ് അധ്യാപകര്‍ സ്ഥലം മാറിപ്പോകുന്ന ഒഴിവുകളില്‍ കണക്കും ഫിസിക്സും എല്ലാം ഉണ്ണി തന്നെ സ്വന്തം മക്കളെ പോലെ വിദ്യാര്‍ഥികളെ പഠിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വേണ്ടപ്പെട്ടവനായി.
അഞ്ച് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി ദുരന്തമുണ്ടായ ചൂരല്‍മലയുടെ അടുത്ത പ്രദേശമായ പുത്തുമലയിലെ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതം വിറങ്ങലിച്ച കുട്ടികളെ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ വഞ്ചിപ്പാട്ടിന്റെ താളവുമായി എത്തിച്ചത് ഉണ്ണി മാഷായിരുന്നു. സ്‌കൂളിന് വിശാലമായ രണ്ട് നില കെട്ടിടമുള്‍പ്പെടെ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങി. അവസ്ഥ മെച്ചപ്പെട്ടപ്പോള്‍ നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് ശ്രമിച്ചെങ്കിലും സ്നേഹം പകുത്തുനല്‍കുന്ന നല്ലവരായ നാട്ടുകാര്‍ അതിന് സമ്മതിച്ചില്ല. സ്‌കൂളിന് സമീപം ഷീറ്റ് മേഞ്ഞ താത്കാലിക കെട്ടിടത്തിലായിരുന്നു ഉണ്ണിയും രണ്ട് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. മഴ കടുത്തതോടെ രണ്ടാഴ്ച മുമ്പ് സുരക്ഷ ഭയന്ന് സ്‌കൂള്‍ കെട്ടിടത്തിലേക്ക് താമസം മാറ്റി. അതിനിടെ അമ്മയുടെ ജ്യേഷ്ഠത്തി മരിച്ചതോടെ നാട്ടിലേക്ക് തിരിച്ചു. ഈ സമയത്താണ് ഉരുള്‍ നാടിനെ തുടച്ചുനീക്കിയിത്. വിവരമറിഞ്ഞയുടന്‍ ഉണ്ണി ദുരന്ത സ്ഥലത്തേക്കെത്തിയിരുന്നു.
അന്ന് ദുരന്ത മുഖത്തെത്തിയ ഉണ്ണി മാഷിന് അതൊന്നും കണ്ട് നിൽക്കാൻ കഴിഞ്ഞിരുന്നില്ല. തകർന്നടിഞ്ഞ സ്കൂൾ കെട്ടിടവും , ചേതനയേറ്റ് കിടക്കുന്ന തന്റെ അരുമ ശിഷ്യരേയും കണ്ട് മാഷ് തളർന്നു വീണു. പൊട്ടി പൊട്ടി കരഞ്ഞു. പക്ഷെ , ജീവൻ തിരിച്ചുപിടിച്ച തന്റെ മക്കളുടെ ജീവിതം തിരിച്ചു പിടിക്കാൻ താൻ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ ഉണ്ണി മാഷ് നിവർന്നു നിന്നു.
ഇന്ന് വലിയൊരു നിയോഗത്തിലാണ് ഉണ്ണി മാഷ്. തന്റെ മക്കൾ വീണ്ടും വിദ്യാലയത്തിൽ എത്തിയിരിക്കുന്നു. അവരെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. മേപ്പാടി സ്കൂളിൽ താത്കാലികമായി ഒരുക്കിയ വെള്ളാർമല സ്കൂളിൽ തന്റെ അരുമ ശിഷ്യരെ ഉയിർത്തെഴുന്നേൽപ്പിക്കാൻ പുതിയ കടമകളുമായി മാഷ് വരാന്തയിലുണ്ട്. ഉരുളിന് പോലും കവർന്നെടുക്കാൻ കഴിയാത്ത സ്നേഹവുമായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാവിലാംതോടിൽ (വണ്ടിക്കടവ്) നിന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസുമായി കെ.എസ്ആർ.ടി.സി
Next post ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
Close

Thank you for visiting Malayalanad.in