വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തും : മന്ത്രി വി.ശിവന്‍കുട്ടി

നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുള്‍പ്പെടുത്തി വീണ്ടെടുക്കും. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ, സാമഗ്രികള്‍, ക്യാമ്പുകള്‍, ചെറു യാത്രകള്‍, ശില്‍പശാലകള്‍, ചര്‍ച്ചാ വേദികള്‍ തുടങ്ങി ജനാധിപത്യ വിദ്യാഭ്യാസ രീതികളിലൂടെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ വീണ്ടെടുത്ത് പഠന വിടവ് പരിഹരിക്കും. ജില്ല സമാനതകളില്ലാത്ത ദുരന്തം അഭിമുഖീകരിച്ച് മുന്നോട്ടുപോവുകയാണ്്. ഏതൊരു ദുരന്തത്തെയും അഭിമുഖീകരിക്കാനുള്ള മനക്കരുത്ത് മലയാളികള്‍ക്കുണ്ടെന്ന് തെളിയിച്ചാണ് വയനാട്ടുകാര്‍ മുന്നേറുന്നത്. ദുരന്തബാധിത പ്രദേശത്തെ പുനര്‍നിര്‍മ്മാണ പ്രയത്‌നത്തിലാണ് സര്‍ക്കാര്‍. ആദ്യഘട്ടമായാണ് മേഖലയിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പാതയിലേക്ക് വീണ്ടെടുത്തത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ 40 ദിവസത്തെയും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ 30 ദിവസത്തെയും അധ്യയനമാണ് തടസ്സപ്പെട്ടത്. അക്കാദമിക രംഗത്ത് നഷ്ടപ്പെട്ട പഠന ദിനങ്ങള്‍ അധികസമയ പഠനത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പട്ട അധ്യയനം തിരിച്ച് പിടിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് അധിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിന് ആവശ്യമായ ബ്രിഡ്ജ് മെറ്റീരിയലുകള്‍ വകുപ്പ് തയ്യാറാക്കും. എസ്.സി.ഇ.ആര്‍.ടി, ഡയറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രത്യേക പ്ലാന്‍ തയ്യാറാക്കും. ദുരന്തമുഖത്ത് പകച്ചുപോയ കുഞ്ഞുങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സൈക്കോ സോഷ്യല്‍ സേവനം ഉറപ്പാക്കും. വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുമായി സഹകരിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഓണ്‍ സൈറ്റ് സപ്പോര്‍ട്ട് ഉറപ്പാക്കുന്നതിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നിരന്തരമായി പ്രഗല്‍ഭരായ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. രക്ഷിതാക്കള്‍ക്കും സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെന്ററിങ് സൗകര്യവും ഏര്‍പ്പെടുത്തും. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധിക സൗകര്യത്തിനായി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന 12 ക്ലാസ് മുറികള്‍ ഉള്‍പ്പെട്ട കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അനാഛാദനം ചെയ്തു.
പ്രകൃതി ദുരന്തത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. നിലവിലെ നടപടി ക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 188 അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് പരീക്ഷാ ഭവനിലേക്ക് ലഭ്യമാക്കിയതില്‍ 135 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 33 സര്‍ട്ടിഫിക്കറ്റുകള്‍ 2000 -ത്തിന് മുന്‍പുളളവ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാം പേജ് പൂരിപ്പിക്കാന്‍ ബന്ധപ്പെട്ട സ്‌കൂളുകളിലേക്ക് അയച്ചു നല്‍കിയതായും മന്ത്രി പറഞ്ഞു. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ദുരന്ത ഘട്ടത്തില്‍ വയനാട്ടിലെ ജനതക്കൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു. അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചത്. നമുക്ക് മുന്നോട്ട് പോകണം. നിങ്ങളെ ഈ നാട് ചേര്‍ത്ത് പിടിക്കുന്നുണ്ട്. പഠിച്ചു മുന്നേറുക. ഇതിനായി എല്ലാ സാഹചര്യവും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും വിദ്യാര്‍ത്ഥികളോട് മന്ത്രി വ്യക്തമാക്കി.
*പുന:പ്രവേശനോത്സവം വീണ്ടെടുപ്പിന്റെ വേദി*: *മന്ത്രി ഒ.ആര്‍ കേളു*
വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം അതിജീവനത്തിന്റെയും വീണ്ടെടുക്കലിന്റെയും വേദിയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തമുണ്ടായി 34 ദിനങ്ങള്‍ പിന്നിട്ടാണ് നമ്മള്‍ പുന:പ്രവേശനോത്സവത്തിന് ഒത്തുചേരുന്നത്. നാളിതുവരെ പുനസൃഷ്ടിക്കായുള്ള പ്രയത്‌നത്തിലാണ് നാമെല്ലാവരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, ജില്ലാ ഭരണകൂടം, സൈന്യം, വിവിധ സേനകള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒറ്റക്കെട്ടായി നിന്ന് മുന്നേറുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസ ക്രമീകരണങ്ങള്‍ വേഗത്തി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
*കൂട്ടായ പ്രവര്‍ത്തനം പ്രശംസനീയം*: *മന്ത്രി എ.കെ ശശീന്ദ്രന്‍*
സമൂഹത്തിന്റെ ഐക്യബോധവും കൂട്ടായുള്ള പ്രവര്‍ത്തനവും പ്രശംസനീയമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായതയോടെ നിന്ന ജന വിഭാഗത്തിന്റെ സംരക്ഷണത്തിനായുള്ള അത്യപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാട് കൈകോര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതപൂര്‍ണ്ണമായ ദിനങ്ങളില്‍ നിന്നും സന്തോഷത്തിന്റെയും പ്രത്യാശയുടെയും നാളുകളിലേക്കാണ് നമ്മുടെ കുട്ടികള്‍ എത്തിയത്. കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടി മുന്നേറണമെന്ന രക്ഷിതാക്കളുടെ സ്വപ്ന സാക്ഷാത്കാരമാണ് പുന:പ്രവേശനത്തിലൂടെ സാധ്യമാകുന്നത്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തമേഖലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാറിന്റെയും മന്ത്രിസഭാഉപസമിതി അംഗങ്ങളുടെയും നിരന്തര ശ്രദ്ധയുണ്ടെന്നും മന്ത്രി പറഞ്ഞു. മേഖലയില്‍ അപകടമുണ്ടായത് മുതല്‍ നിരന്തരം ഇടപെടല്‍ നടത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പ്രാദേശിക ജനത, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഠനോപകരണങ്ങള്‍ ടി. സിദ്ദിഖ് എം.എല്‍.എയും വിതരണം ചെയ്തു. യൂണിഫോം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഗ്രാന്റ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിതരണം ചെയ്തു. ഐ.ടി ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബിന്ദു വിതരണം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് വിതരണം ചെയ്തു. നഴ്‌സറി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്.ഷാനവാസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി ടീച്ചര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.നാസര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം സി. രാഘവന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബിഷ് കുര്യന്‍, സി.കെ നൂറുദ്ദീന്‍, എന്‍.കെ സുകുമാരന്‍, എസ്.എസ്.കെ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ കെ.ജി ഷൈന്‍ മോന്‍, വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ വി.എ ശശീന്ദ്രവ്യാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post റവന്യൂ റിക്കവറി നടപടികൾ സർക്കാർ മൊറട്ടോറിയം: ജപ്തി നടപടികൾ നിർത്തിവെക്കണം
Next post റേഷൻ കടയിലെത്തി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.
Close

Thank you for visiting Malayalanad.in