കനവിൻ്റെ കനലെരിഞ്ഞു: ഒരു പിടി ചാരമാക്കി മാറ്റണമെന്ന് അന്ത്യാഭിലാഷം: കെ.ജെ. ബേബി ഇനി ഓർമ്മ

.
സി.വി.ഷിബു.

കല്‍പ്പറ്റ: വയനാടെന്നാൽ ഒരു കാലത്ത് കെ.ജെ. ബേബിയായിരുന്നു. ഈ മണ്ണിനെയും ഇവിടുത്തെ മനുഷ്യരെയും അവരുടെ സങ്കടങ്ങളെയും സന്തോഷങ്ങളെയും വിലാപങ്ങളെയും ആചാരങ്ങളെയും കലകളെയും ലോകജനതക്ക് പരിചയപ്പെടുത്തിയ നല്ല മനുഷ്യൻ. എഴുത്തിലും ജീവിതത്തിലും വയനാടിന്റെ മനസ്സറിഞ്ഞ് ജീവിച്ച് കാണിച്ച എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ ജെ ബേബി (കനവ് ബേബി) തൻ്റെ എഴുപതാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരിയിലെ പൊതു ശ്മശാനത്തിൽ ശരീരം ദഹിപ്പിച്ച് ആ ചിതാഭസ്മം കബനിയിലൊഴുക്കണമെന്ന അന്ത്യാഭിലാഷമാണ് കുറിപ്പായി എഴുതിവെച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നേടിയ പ്രതിഭ, മനുഷ്യ സ്നേഹമെന്നതാണ് ഏറ്റവും വലിയ വിപ്ളവമെങ്കിൽ ആ അർത്ഥത്തിൽ വലിയ വിപ്ലവകാരി, പരമ്പാരഗാത സമ്പ്രദായങ്ങളെ കല കൊണ്ട് തച്ചുടക്കാൻ കഴിയുന്ന പരിഷ്കർത്താവ്, കാലാന്തരത്തിലെ സംഭവ ബഹുലമായ മാറ്റങ്ങൾ കൊണ്ട് പ്രവർത്തനം നിലച്ച കനവിൻ്റെ അവസാനത്തെ കനൽ. സ്വയം തീരുമാനത്തിൽ ഒടുവിൽ ആ കനലെരിഞ്ഞു.
കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു.1994 ൽ നടവയലിൽ ചിങ്ങോട് പട്ടികവർഗ്ഗ കുട്ടികൾക്കായി കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ഗോത്ര കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി സംസ്ഥാനത്തെമ്പാടും സഞ്ചരിച്ചു.
ഗോത്ര ജനതയുടെ ശാക്തീകരണത്തിനായി എഴുത്തിലും പ്രവർത്തനങ്ങളിലും ജീവിതത്തിലും ഉശിരോടെ നിന്ന കെ.ജെ. ബേബിയുടെ നാടുഗദ്ദിക നാടകം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അടിമ വ്യവസ്ഥക്കെതിരെ നാടകത്തിലൂടെ പ്രതികരിച്ചപ്പോൾ അധികാരികൾക്ക് അത് നീരസമായി. ഒടുവിൽ കോടതി കേസുകൾ. സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യർക്കു വേണ്ടിയുള്ള ജീവിതവും എഴുത്തു മായിരുന്നു കെ ജെ ബേബി കനവ് ബേബിയുടെത്. മൗലികവും, സാമൂഹ്യപ്രതിബദ്ധതയുടെ സൗന്ദര്യം നിറഞ്ഞതുമായിരുന്നു കെ ജെ ബേബിയുടെ എഴുത്തും കലയും.
യഥാർത്ഥ ഗോത്ര ജീവിതത്തിൻ്റെ ആവിഷ്കാരമായിരുന്നു മാവേലി മൻ്റ്റം എന്ന നോവൽ. മലബാർ മാന്വൽ എഴുതിയ വില്യം ലോഗൻ്റെ കഥ പറയുകയാണ് ഗുഡ്ബൈ മലബാർ. കേരളം മുഴുവൻ സഞ്ചരിച്ച് അവതരിപ്പിച്ച നാടുഗദ്ദിക മലയാളത്തിലെ നാടക ചരിത്രത്തിൻ്റെ ഭാഗമാണ്. ഗോത്രജീവിതത്തിൻ്റെ മഹാസങ്കടങ്ങളാണ് ഈ നാടകം. മലയാളത്തിൽ വിശപ്പിൻ്റെ സൗന്ദര്യശാസ്ത്രം എന്തെന്ന് വേദനയിൽ ചാലിച്ച് എഴുതിയവയായിരുന്നു ബേബിയുടെ രചനകൾ.
കനവിലൂടെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ബദൽ പഠന രീതി കെ ജെ ബേബി മലയാളി സമൂഹത്തിൽ മുന്നോട്ടു വെച്ചു. സർഗാത്മകത നിറഞ്ഞ വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.
മലയാളത്തിലെ കലയുടെയും, സാഹിത്യത്തിൻ്റെയും ചരിത്രത്തിൽ അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ട്. ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണമെന്ന പാഠം പഠിപ്പിച്ച കെ.ജെ.ബേബി ഒടുവിൽ ,വയനാടിൻ്റെ മുഴുവൻ മണ്ണിൻ്റെയും ജലാംശം ഊറിയെത്തുന്ന കബനിയിലലിയാനാണ് ഇഷ്ടപ്പെട്ട . കനവ് ബേബിയെന്ന ആ നാമത്തിന് മുന്നിൽ അശ്രുപുഷ്പങ്ങളോടെ പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍
Next post മുഴുവൻ കർഷകരുടെയും കാർഷികകടങ്ങൾ എഴുതി തള്ളണം: എ കെ സി സി
Close

Thank you for visiting Malayalanad.in