മൂന്നാം ദിനം ആറു ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാർഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥർ രക്ഷിച്ചത്. 10 മീറ്റർ കയറുകൾ കൂട്ടിക്കെട്ടിയതിൽ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷപ്പെടുത്തിയത്. കാടിനുള്ളിൽ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസറുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിനു വെളിയിലേക്ക് പുറപ്പെട്ടു. സങ്കേതത്തിൽ നിന്നും പുറത്തിറങ്ങാൻ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാൻ തയ്യാറാക്കുകയായിരുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ് പറഞ്ഞു. ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി ആദിവാസി വിഭാഗത്തിലെ ഈ കുടുംബത്തെ ഉദ്യോഗസ്ഥർ അട്ടമല എപിസിയിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നൽകി. പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവിടെ നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരും: രഞ്ജു.കെ.മാത്യു
Next post അമ്മയുടെ ചിതാഭസ്മവുമായി ബീഹാറിലേക്ക് ; മലയാളികളുടെ സാന്ത്വനത്തിന് നന്ദി പറഞ്ഞ് രോസൻ കുമാർ
Close

Thank you for visiting Malayalanad.in