ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ വയനാട് പോലീസിന്റെ നിർണായക നീക്കം: സ്വത്തുകളെല്ലാം കണ്ടുകെട്ടും

– മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങി
– ആദ്യ ഘട്ടമായി ഇയാളുടെ പേരിലുള്ള വാഹനം കണ്ടുകെട്ടും
കൽപ്പറ്റ: ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ നിർണായക നീക്കവുമായി വയനാട് പോലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ്‌ വകുപ്പ് ഉപയോഗിച്ച് ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനാണ് വയനാട് ജില്ലാ പൊലീസൊരുങ്ങുന്നത്. ആദ്യഘട്ടമായി, ഈ മാസം ഏഴിന് മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയായി. ഇയാൾ ലഹരി വിൽപന കൊണ്ടുള്ള ആദായം ഉപയോഗിച്ച വാഹനം ഉടൻ കണ്ടുകെട്ടും. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ബി. കെ സിജുവാണ് വാഹനം കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട്‌ സമർപ്പിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി (സഫേമ)ക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. നിയമം മൂലം ലഹരി സംഘത്തെയും അവരെ സഹായിക്കുന്നവരെയുമടക്കം പൂട്ടാനാണ് പൊലിസിന്റെ നീക്കം.
യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പിടികൂടിയ പ്രതികളിലൊരാളായ മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌ (29) ൽ നിന്നാണ് 19.79 ഗ്രാം എം.ഡി. എം.എ പിടികൂടിയത്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് മേപ്പാടിയിൽ നിന്നും മുട്ടിൽ ഭാഗത്തേക്ക് പോകും വഴി തൃക്കൈപ്പറ്റ വച്ച് ഇയാൾ പരിഭ്രമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റിൽ നിന്നും എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വന്നിരുന്നു. ഈ അന്വേഷണത്തിൽ, ഇയാളുടെ പേരിലുള്ള കെ.എൽ 55 എച്ച് 0064 നമ്പർ മോട്ടോർ സൈക്കിൾ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് വാഹനം കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്രകാരം കൂടുതൽ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അപ്രകാരം സമ്പാദിച്ച മുഴുവൻ സ്വത്തും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അകൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവും.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ. എസ് പ്രശാന്ത് കുമാർ, ഷംനാസ് , താഹിർ എന്നിവരും റിപ്പോർട്ട് സമർപ്പണത്തിന്റെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന – ദേശീയ നെറ്റ് ബോൾ ദേശീയ താരങ്ങളെ ‘ നെറ്റ് ബോൾ അസോസിയേഷൻ ആദരിച്ചു
Next post LuLu Mango Fest Begins at Bengaluru; showcases over 95 varieties of Mangoes: Actress Sharanya Shetty inaugurated the Fest.
Close

Thank you for visiting Malayalanad.in