ഭാര്യാസഹോദരിയെ കൊലപ്പെടുത്താൻ ശ്രമം; മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് യുവതിക്ക് രക്ഷകരായി – യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പനമരം: വേങ്ങരംകുന്ന് കോളനിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പനമരം പോലീസ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയെ. കഴുത്തിനു ഗുരുതര പരിക്കേറ്റ യുവതിയെ സമയം പാഴാക്കാതെ ഉടൻ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പോലീസ് രക്ഷകരായി. സംഭവത്തിൽ അഞ്ചുകുന്ന്, വേങ്ങരംകുന്ന് കോളനിയിലെ കണ്ണനെ(27) ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ കണ്ണന്‍ ഭാര്യാ സഹോദരിയായ ശാന്ത (45)യുമായി വഴക്കുണ്ടാക്കി അടക്കാ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ണൻ കോളനിയിലെ സ്ഥിരം പ്രശ്നക്കാരനാണ്, ഇയാൾ മുൻപ് കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. എസ്.ഐ കെ. ദിനേശന്‍, എസ്.സി.പി.ഒ അബ്ദുൾ അസീസ്, സി പി ഒ വിനായകന്‍, രതീഷ് ശേഖര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ ഒരാഴ്ചക്കുള്ളില്‍ ബാംഗ്ലൂരില്‍ നിന്നും പൊക്കി മേപ്പാടി പോലീസ്
Next post സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി
Close

Thank you for visiting Malayalanad.in