വന്യമൃഗശല്യത്തിനെതിരെ വയനാട്ടിൽ പ്രതിഷേധാഗ്നിയായി എ.കെ.സി.സി റാലി

കല്‍പ്പറ്റ: മനുഷ്യരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍നിന്നു പൂര്‍ണ സംരക്ഷണം ആവശ്യപ്പെട്ട് എകെസിസി മാനന്തവാടി രൂപത സമിതി ജില്ലാ ആസ്ഥാനത്തു സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി നഗരത്തെ പ്രതിഷേധ സാഗരമാക്കി. കൈനാട്ടി ജംഗ്ഷനു സമീപത്തുനിന്നു പുതിയ സ്റ്റാന്‍ഡ് പരിസരത്തേക്കു നടത്തിയ റാലിയില്‍ പേപ്പല്‍ പതാകയേന്തി ആയിരങ്ങള്‍ അണിനിരന്നു. രൂക്ഷമായ വന്യജീവി ശല്യംമൂലം കര്‍ഷക ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ റാലിയില്‍ പങ്കാളികളായവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ പ്രതിഫലിച്ചു. ആനയും കടുവയും അടക്കം വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതില്‍ അധികാരകേന്ദ്രങ്ങള്‍ കാട്ടുന്ന ഉദാസീനതയ്‌ക്കെതിരായ രോഷം മുദ്രാവാക്യങ്ങളില്‍ അലയടിച്ചു. നിയമം കൈയിലെടുക്കാന്‍ ജനതയെ നിര്‍ബന്ധിക്കരുതെന്നു മുന്നറിയിപ്പുനല്‍കി. രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ ഫഌഗ് ഓഫ് ചെയ്ത റാലിയില്‍ രൂപതയിലെ ഇടവകകളില്‍നിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്തരും പങ്കെടുത്തു. കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ വയനാടന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയില്‍ കൈകോര്‍ത്തു. സ്ത്രീ പങ്കാളിത്തവും അച്ചടക്കവും റാലിയുടെ മാറ്റുകൂട്ടി. തലശേരി അതിരൂപാതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, താമരശേരി ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ബിഷപ് ഡെലിഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, മാനന്തവാടി രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ.ജോസ് കൊച്ചറയ്ക്കല്‍, ഫാ.തോമസ് ജോസഫ് തേരേകം, കല്‍പ്പറ്റ ഫൊറോന വികാരി ഫാ.മാത്യു പെരിയപ്പുറം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍, എകെസിസി ഭാരവാഹികളായ ഡോ.കെ.പി. സാജു, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സജി ഫിലിപ്പ്, ബീന ജോസ്, അഡ്വ.ഗ്ലാഡിസ് ചെറിയാന്‍, മോളി മാമൂട്ടില്‍ തുടങ്ങിയവര്‍ റാലി നയിച്ചു. മൂന്നു മണിക്ക് ആരംഭിച്ച റാലിയുടെ മുന്‍നിര ഒന്നര മണിക്കൂറെടുത്താണ് പൊതുസമ്മേളന നഗരിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post India’s Automotive Industry Shifts Gears with the Convergence of EVs and Connected Technologies
Next post തൻ്റെ കരച്ചിലിന് അർത്ഥമുണ്ടന്ന് കരുതുന്നതായി അജീഷിൻ്റെ മകൾ അൽന
Close

Thank you for visiting Malayalanad.in