കണ്ണിലും ക്യാമറയിലും പെടാതെ കടുവ : തോക്കും കൂടുമായി വനപാലക സംഘം വാകേരിയിൽ: ശാശ്വത പരിഹാര നടപടികൾ വേണമെന്ന് മെത്രാൻ സംഘം: തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് ടി.സിദ്ദീഖ് എം. എൽ.എ

കൽപ്പറ്റ: വയനാട് വാകേരിയിലെ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. രാവിലെ 11 മണിയോടെ ചെതലയം റേഞ്ച് ഓഫീസിൽ നിന്ന് എത്തിച്ച കൂടാണ് പ്രദേശത്ത് സ്ഥാപിച്ചത്.
കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി . വന്യമൃഗശല്യം രൂക്ഷമായ വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടുന്നതിനുള്ള സര്‍വ്വ സന്നാഹങ്ങളുമായാണ് വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. കടുവയെ നിരീക്ഷിക്കുന്നതിന് 22 ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ഉടന്‍ ഉണ്ടാകും. ചെതലയത്ത് നിന്ന് കൊണ്ടുവന്ന കൂടും കടുവയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും മരിച്ച പ്രജീഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ താല്‍ക്കാലിക ആശ്വാസ നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതില്‍ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയാണെന്നും വാകേരിയില്‍ സന്ദര്‍ശനം നടത്തിയ മെത്രാന്മാരുടെ സംഘം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പകല്‍ മുഴുവന്‍ അറുപതംഗ ആര്‍.ആര്‍.ടി. സംഘം കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ സംഘത്തിന്റെ കണ്ണിലും വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പെടാതെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ് നരഭോജിയായ കടുവ. ആവശ്യം വന്നാല്‍ വെടിവെച്ച് പിടികൂടാനോ അത് വിജയിച്ചില്ലെങ്കില്‍ വെടിവെച്ച് കാല്ലാനോ ആണ് ഉത്തരവിലുള്ളത്. മയക്കുവെടിവെച്ച് ജീവനോടെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. ഉത്തരമേഖലാ സി.സി.എഫ്. എസ്. ദീപ ദൗത്യം ഏകോപിപ്പിക്കാനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം ഒരുക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുമേല്‍ നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. . വാകേരി പ്രദേശത്തുള്ള പരിപാലിക്കാത്ത സ്വകാര്യ എസ്റ്റേറ്റുകൾ പിടിച്ചു എടുക്കണമെന്ന് എന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. ആവശ്യപ്പെട്ടു.
ദുരന്ത നിവാരണ നിയമപ്രകാരം ഈ ഭൂമി പിടിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസം കടുവ ആക്രമണത്തിൽ മരിച്ച പ്രജീഷിൻ്റെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രജീഷിന്റെ കുടുംബത്തിന് ചുരുങ്ങിയത് നഷ്ടപരിഹാരം 25 ലക്ഷം രൂപയെങ്കിലും നൽകണം.
ഫെൻസിങ്ങുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ടി.സിദ്ദീഖ് എം.എൽ.എ. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ 20 വരെ കോടതി റിമാൻഡ് ചെയ്തു: കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി.
Next post പ്രജീഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി
Close

Thank you for visiting Malayalanad.in