ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും: സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്‌ഘാടനം ചെയ്യും

*തിരുവനന്തപുരം:* ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനത്ത് അഞ്ച് ദിവസം സംഘടിപ്പിച്ച ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്‌ഘാടനം ചെയ്യും.
ആയുര്‍വേദ ഡോക്ടര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അക്കാദമിക വിദഗ്ധര്‍, വെല്‍നെസ് മേഖലയിലെ പ്രമുഖര്‍ വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പങ്കാളികള്‍ എന്നിവര്‍ ജിഎഎഫ് അഞ്ചാം പതിപ്പില്‍ ഒത്തുചേര്‍ന്നു.
ഡിസംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സമ്മേളനം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറാണ് ഉദ്ഘാടനം ചെയ്തത്. ആയുര്‍വേദ സമൂഹത്തിന്‍റെ പരിശ്രമങ്ങളെ അഭിനന്ദിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം വേദിയില്‍ വായിച്ചു. മുഖ്യന്ത്രി പിണറായി വിജയനാണ് ജിഎഎഫ് രക്ഷാധികാരി. കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, വിദേശ-പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, ഗതാഗത മന്ത്രി ആന്‍റണി രാജു എന്നിവര്‍ പങ്കെടുത്തു.
ആധുനിക ലോകത്തെ ആരോഗ്യവെല്ലുവിളികളെ നേരിടുന്നതില്‍ ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വെല്‍നെസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരും ആയുര്‍വേദ സ്ഥാപനങ്ങളും ചേര്‍ന്നുള്ള സഹകരണത്തിനും സമ്മേളനത്തില്‍ തീരുമാനമായി.
ആരോഗ്യ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ ക്ലിനിക്ക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിച്ചത്. ആയുര്‍വേദത്തിലെ നവീന മുന്നേറ്റങ്ങള്‍ കേന്ദ്രീകരിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ നിരവധി സെഷനുകളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മേപ്പാടി പോളിയിലെ ലാത്തിച്ചാർജ് അനിവാര്യമായിരുന്നുവെന്ന് പോലീസ്: കേസ് മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി
Next post മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണ്ണ മിശ്രിതം പിടികൂടി
Close

Thank you for visiting Malayalanad.in