വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : അന്വേഷണം പുരോഗമിക്കുന്നു

കൽപ്പറ്റ: : വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് മാൻകൊമ്പ് അലമാരിയിൽ സൂക്ഷിച്ചതെന്ന വീട്ടുടമസ്ഥയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
തന്നെ കള്ളകേസിൽ കുടുക്കിയെന്നാരോപിച്ച് മാനന്തവാടി സ്വദേശിനി ജിഷ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ബേഗുർ റേഞ്ച് ഫോറസ്റ്റ് ഓഫീസറാണ് റിപ്പോർട്ട് നൽകിയത്.ജിഷ എന്നയാൾ ഒരു ജോഡി ആനക്കൊമ്പും, മാൻകൊമ്പും വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിഷയുടെ സമ്മതപ്രകാരമാണ് വീട് തുറന്ന് പരിശോധന നടത്തിയത്. നിയമപരമായ അനുവാദമില്ലാതെ മാൻകൊമ്പ് കൈയ്യിൽ സൂക്ഷിക്കുന്നത് കുറ്റകരമായതിനാൽ സർക്കാർ ബന്തവസിലെടുത്തു. ജിഷയെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പരാതിക്കാരി തന്നെയാണ് സ്വമേധയാ അലമാരിയിലുണ്ടായിരുന്ന മാൻകൊമ്പ് കാണിച്ചുതന്നത്. മാൻകൊമ്പ് ഒളിപ്പിച്ചുവച്ച അലമാരയുടെ ഉടമസ്ഥ താനല്ലെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ല. അലമാരിയുടെ താക്കോൽ പുതിയ താമസക്കാർക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാൻകൊമ്പ് കണ്ടെത്തിയ വീട് വാടകയ്ക്ക് നൽകിയിരുന്നതാണെന്നും വാടക്കാരനായ ഷിബു എം ജോർജും താനും തമ്മിൽ തർക്കമുണ്ടായെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തന്നോട് പകരം വീട്ടുമെന്ന് വാടകക്കാരൻ പറഞ്ഞതായും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post The 26 th Edition of Bengaluru Tech Summit 2023 Concludes with Unprecedented Success
Next post തലമുറകൾ നിർമ്മിച്ചു 25 നക്ഷത്രങ്ങൾ: ചെന്നലോട് 25 ദിവസവും ക്രിസ്തുമസ് ആഘോഷം.
Close

Thank you for visiting Malayalanad.in