പ്രതിഷേധ സമരയാത്ര നടത്തി വെൽഫെയർ പാർട്ടി: പടിഞാറത്തറ – പൂഴിത്തോട് റോഡ് ഉടൻ യഥാർത്ഥ്യമാക്കണം: റസാഖ് പാലേരി.

കൽപ്പറ്റ: : അടിക്കടി രൂക്ഷമായി കൊണ്ടിരിക്കുന്ന ചുരം ഗതാഗതാ പ്രശ്നത്തിന് വലിയ പരിഹാരമായി മാറുന്നതും വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതുമായ പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. നിർദ്ദിഷ്ട പാതയിലൂടെ വെൽ ഫെയർ പാർട്ടി നടത്തിയ പ്രതിഷേധ സമരയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1993 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ തുടക്കം കുറിച്ച ഈ പാത മൂന്ന് പതിറ്റാണ്ടായിട്ടും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ചുരമില്ലാത്ത, വലിയ കയറ്റിറക്കങ്ങളില്ലാത്ത ഈ റോഡ് വളരെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ചെയ്തു തീർക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വിഭാഗം നേരത്തെ റിപ്പോർട്ട് കൊടുത്തതാണ്. നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഇരട്ടി ഭൂമി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലായി വർഷങ്ങൾക്ക് മുൻപ് കൈമാറിയതാണ്. 70% പൂർത്തിയായ ഈ പാതയ്ക്ക് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ നൽകിയ തെറ്റായ റിപ്പോർട്ടാണ് പ്രധാന തടസ്സമായി മാറിയത്. മഴയൊന്ന് കനത്താൽ ചുരങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട് ഒറ്റപ്പെടുന്ന വയനാട്ടിന് , മതിയായ ചികിൽസ സൗകര്യങ്ങളില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരുന്ന ജില്ലയ്ക്ക് വലിയ ആശ്വാസമാണ് ഈ റോഡ് പൂർത്തിയായാൽ ഉണ്ടാവുക.
ഈ ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി നടത്തിയ സമരയാത്ര ഈ റോഡ് കടന്നുപോകുന്ന പടിഞ്ഞാറത്തറ, തെങ്ങും മുണ്ട,പന്തിപ്പൊയിൽ, കാപ്പിക്കളം എന്നി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കുറ്റിയാം വയൽ വനാതിർത്തിയെത്തുകയായിരുന്നു. തുടർന്ന് പടിഞ്ഞാറത്തറ ടൗണിൽ പൊതുസമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു.വി.കെ, കർമ്മ സമിതി ചെയർമാൻ ശകുന്തള ടീച്ചർ, കൺവീനർ കമൽ ജോസ് , ഫൈസൽ പി എച്ച് എന്നിവർ സംസാരിച്ചു. യൂ സി ഹുസൈൻ സ്വാഗതവും റിയാസ്. ഇ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിനേഷൻ നിർബന്ധം :കുട്ടികളിൽ അഡിനോവൈറസ് ബാധയെക്കുറിച്ച് കണ്ടെത്തലുകൾക്ക് വിഷ്ണു നമ്പീശൻ മെമ്മോറിയൽ അവാർഡ് നേടി ഡോ.അരവിന്ദ് ജി.കെ.
Next post വയനാട് ജില്ല സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in