യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവം; ഒളിവിൽ പോയ പിതാവിനെ പിടികൂടി

പുൽപ്പള്ളി: യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ പിതാവിനെ പുൽപ്പള്ളി പോലീസ് പിടികൂടി. കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ ശിവദാസനെ(55)യാണ് അറസ്റ്റ് ചെയ്തത്. ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ അനന്തകൃഷ്ണൻ, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി തിരച്ചിൽ നടത്തിവരുന്നതിനിടെ പുൽപ്പള്ളി കേളക്കവല ഷെഡ് ഭാഗത്ത് നിന്നും തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാൾ പിടിയിലാകുന്നത്.
കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ അമൽദാസ്(22) ആണ് തിങ്കളാഴ്ച പുലർച്ചയോടെ കൊല്ലപ്പെട്ടത്. അമൽദാസിന്റെ പിതാവ് ശിവദാസനും മാതാവും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മാതാവും, അമൽദാസിന്റെ സഹോദരിയും കബനിഗിരിയിലെ വീട്ടിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അമൽദാസ് അമ്മയെയും സഹോദരിയെയും ഫോണിൽ വിളിച്ചുകൊണ്ടിരിക്കെ പിതാവുമായി വാക്കേറ്റമുണ്ടാകുകയയായിരുന്നു. ഫോണിലൂടെ അലർച്ച കേട്ടതിനെ തുടർന്ന് സഹോദരി അയൽവാസികളെ വിളിച്ച് വിവരം പറയുകയുമായിരുന്നു. അയൽവാസികൾ വീട്ടിലെത്തിയപ്പോൾ അമലിനെ കിടക്കയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
പുൽപള്ളി പോലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സിവിൽ പോലീസ് ഓഫീസർമാരായ അസീസ്, മുഹമ്മദ്‌ അൻസാരി, രാജേഷ്, അയ്യപ്പൻ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിജയത്തിനായി യുവ പ്രൊഫഷണലുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിക്കണം: ശശി തരൂര്‍
Next post ചക്കക്ക് നല്ല കാലം വരുന്നു: സംസ്ഥാന നയം ആലോചനയിലെന്ന് കൃഷിമന്ത്രി .
Close

Thank you for visiting Malayalanad.in