
മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് 2853 കോടി രൂപയുടെ ബജറ്റ്: പതിനായിരം ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്കും: എന്‍.ഭാസുരാംഗന്‍
തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് ഫാമുകള്‍ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍. തിരുവനന്തപുരത്ത് നടന്ന 37-ാം വാര്‍ഷിക പൊതുയോഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗനാണ് വായ്പാ പദ്ധതിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 2853 കോടി രൂപയുടെ ബജറ്റും പൊതുയോഗം അംഗീകരിച്ചു.
പതിനായിരത്തോളം ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന വായ്പയുടെ മുഴുവന്‍ പലിശയും തിരുവനന്തപുരം മേഖലാ യൂണിയന്‍ വഹിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ പറഞ്ഞു. ഇതിനായി 2 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീര കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈലേജ് സബ്സിഡി പദ്ധതി, മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് എന്നിവയ്ക്ക് വലിയ സ്വീകാര്യതയാണ് ക്ഷീര കര്‍ഷകരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഇവ വിപുലപ്പെടുത്തുന്നതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് എല്ലാ ക്ഷീര കര്‍ഷകര്‍ക്കും പ്രയോജനം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം മേഖലാ യൂണിയന്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ മറുപടി നല്‍കി. പാല്‍ വില ചാര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ ഭരണസമിതിക്ക് ചുമത്തിയിട്ടുള്ള സര്‍ച്ചാര്‍ജ്ജ് തുക എത്രയും വേഗം ഈടാക്കുക, മരണാനന്തര ധനസഹായത്തിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുക എന്നിവ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങളും യോഗം പാസ്സാക്കി.
എണ്ണൂറില്‍ അധികം സംഘം പ്രസിഡന്‍റുമാര്‍ പങ്കെടുത്ത യോഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ വി.എസ്.പത്മകുമാര്‍, കെ.ആര്‍.മോഹനന്‍പിള്ള എന്നിവര്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്.കോണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു.