എൻ്റെ കൽപ്പറ്റ 2043 : നഗരസൂത്രണ മാസ്റ്റര്‍ പ്ലാന്‍; വികസന സെമിനാര്‍ നടത്തി

കല്‍പ്പറ്റ നഗരസഭയില്‍ ഇരുപത് വര്‍ഷത്തേയ്ക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗൂഡലായ്ക്കുന്ന് ഫുട്ബാള്‍ ടര്‍ഫില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ.എസ് രഞ്ജിത്ത് എന്നിവര്‍ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കല്‍പ്പറ്റയുടെ വികസനത്തിനായി നഗരവികസനം, വികസന പദ്ധതികള്‍, ഗതാഗത സൗകര്യം, പാര്‍ക്കിംഗ്, പാര്‍പ്പിടം, കുടിവെള്ളം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. റോഡുകളുടെ വീതി, റിംഗ് റോഡ്, ബൈ പാസ്സ് റോഡ് എന്നിവയുടെ നിര്‍മ്മാണം, നഗരസഭയിലെ ഓരോ മേഖലയിലെയും വികസന പദ്ധതികള്‍ ഇനി നടപ്പിലാക്കുക മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്ന കരട് മാസ്റ്റര്‍ പ്ലാനില്‍ ആക്ഷേപങ്ങള്‍ അറിയിക്കുന്നതിന് ജനങ്ങള്‍ക്ക് അവസരമുണ്ടാകും. ആക്ഷേപങ്ങള്‍ പരിശോധിച്ചതിനു ശേഷമാകും മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കുക. ആഗസ്റ്റ് 15 വരെ നിര്‍ദ്ദേശങ്ങള്‍ നഗരസഭയിലോ ടൗണ്‍ പ്ലാനിങ് ഓഫീസിലോ നേരിട്ടോ masterplanwyd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം. നഗരസഭാ സെക്രട്ടറി അലി അസ്‌കര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
*ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി*
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുള്ളന്‍കൊല്ലി ടൗണില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബോധവത്്ക്കരണ ക്യാമ്പയിന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ആരോഗ്യം നമ്മുടെ കൈകളില്‍’ എന്ന സന്ദേശത്തോടെ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി സുധീഷ്, ശ്രുതി വിജയന്‍, പി.എന്‍ ജിജു എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പയിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഇന്ന് (വ്യാഴം) രാവിലെ മുതല്‍ ആരോഗ്യ വകുപ്പിന്റെയും, ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷ് എസ്. പിള്ളക്ക് തൃശൂർ പ്രസ് ക്ലബ്ബിൻ്റെ അച്യുതവാര്യർ സ്മാരക പുരസ്ക്കാരം
Next post അജ്ഞാത ജീവി വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോയെന്ന് സംശയിക്കുന്ന സുരേന്ദ്രന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി.
Close

Thank you for visiting Malayalanad.in