മിന്നു മണിക്ക് കല്‍പ്പറ്റയില്‍ ഉജ്ജ്വല സ്വീകരണം : ഇനിയും താരങ്ങൾ ഉണ്ടാവുമെന്ന് ടിനു യോഹന്നാൻ.

കൽപ്പറ്റ: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ലക്ഷ്യം കൃത്യമായി നിര്‍വ്വചിച്ചാല്‍ കഠിധ്വാനത്തിലൂടെ വിജയത്തിലെത്താം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മിന്നു മണി. വലിയ പരിശ്രമങ്ങള്‍ നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച മിന്നു കുട്ടികള്‍ക്ക് നല്‍കുന്നത് ആത്മ പ്രചോദനമാണെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എ ടി. സിദ്ദീഖ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് എന്നിവര്‍ മിന്നു മണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൗരാവലിയുടെ സാന്നിധ്യത്തില്‍ തുറന്നജീപ്പില്‍ മിന്നു മണിയെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.
കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍, ഫുഡ്‌ബോള്‍ താരം സുശാന്ത് മാത്യു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം. മധു, യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ അബ്ദുള്‍ സമദ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കായിക സംഘടനാ പ്രതിനിധികള്‍, കളരി, കരാട്ടെ, സൈക്കിള്‍, ജൂഡോ പ്രതിനിധികള്‍, വയനാട് യുണെറ്റഡ് എഫ്.സി പ്രതിനിധികള്‍, വയനാട് ബൈക്കേഴ്‌സ് ക്ലബ്, ഗ്രാമം കലാ സംഘം, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജനേക്ഷേമ ബോര്‍ഡ് ടീം കേരള വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്രിക്കറ്റിന് ഏറെ അനുയോജ്യമായ മണ്ണാണ് വയനാടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ. വയനാട്ടിൽ നിന്ന് ഇനിയും കൂടുതൽ ക്രിക്കറ്റ് താരങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിൻ്റെ അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റിൽ താരമായി മാറിയ മിന്നു മണിക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി.
Next post കഞ്ചാവുമായി പിടിയിലായ യുവാവിന് കഠിന തടവും പിഴയും
Close

Thank you for visiting Malayalanad.in