
വയനാട്ടിലെ ആദ്യ പ്രൊഫഷണല്‍ ഹാഫ് മാരത്തോണ്‍ സമാപിച്ചു: പുകേശ്വര്‍ ലാല്‍ ചാമ്പ്യൻ
കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കാക്കവയലില്‍ പോയി മടങ്ങി കല്‍പ്പറ്റ നഗരത്തില്‍ അവസാനിക്കുന്ന രീതിയില്‍ 21 കിലോമീറ്ററാണ് ഹാഫ് മാരത്തോണ്‍ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ കായികതാരങ്ങളടക്കമുള്ളവര്‍ ഹാഫ് മാരത്തോണില്‍ പങ്കാളികളായി. ഛത്തീസ്ഗഡില്‍ നിന്നുള്ള പുകേശ്വര്‍ ലാല്‍ ആണ് ചാമ്പ്യനായത്. ബംഗളൂരില്‍ നിന്നുള്ള പ്രവീണ്‍ കമ്പാല്‍ രണ്ടാസ്ഥാനവും, ഉത്തരപ്രദേശില്‍ നിന്നുള്ള തനൂജ് ഠാക്കൂര്‍ മൂന്നാം സ്ഥാനവും നേടി. പത്ത് കിലോമീറ്റര്‍ മാരത്തോണില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ കോട്ടയത്തുനിന്നുള്ള ആനന്ദ് കൃഷ്ണയാണ് ചാമ്പ്യന്‍. ബംഗളൂരുവില്‍ നിന്നുള്ള രാജേഷ്‌കുമാര്‍ രണ്ടാം സ്ഥാനവും, ഊട്ടിയില്‍ നിന്നുള്ള സൗരവ് ഭാമ മൂന്നാം സ്ഥാനവും നേടി. പത്ത് കിലോമീറ്റര്‍ സ്ത്രീകളുടെ മാരത്തോണില്‍ തിരുവല്ല സ്വദേശിനി റീഷ അന്ന ജോര്ജ്ജ് ഒന്നാം സ്ഥാനവും വയനാട്ടുകാരി ഐറിന്‍ തോമസ് രണ്ടാം സ്ഥാനവും കോട്ടയം സ്വദേശിനി അഞ്ജു മുരുകന്‍ മൂന്നാം സ്ഥാനവും നേടി. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും, രണ്ടാംസ്ഥാനക്കാര്‍ക്ക് 15000 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും സമ്മാനമായി നല്‍കി. എല്ലാവിഭാഗത്തിലെ ആദ്യ പത്ത് സ്ഥാനക്കാര്‍ക്കും ക്യാഷ് പ്രൈസുകള്‍ നല്‍കി. ഇതിന് പുറമെ ലോട്ടറി ടിക്കറ്റ് എന്ന സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജെ.സി.ഫൗണ്ടേഷന്‍ മാരത്തോണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു കോടി രൂപ സമ്മാനത്തുകയുള്ള കേരള ലോട്ടറിയുടെ ലോട്ടറി ടിക്കറ്റുകളും സൗജന്യമായി നല്‍കിയിരുന്നു. വയനാട് ടൂറിസം ഓര്‍ഗനൈസേഷൻ്റെ സഹകരണത്തോടെ വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ടി.സിദ്ദീഖ് എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍, ഡബ്ല്യു.ടി.ഒ. ഭാരവാഹികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു