പ്ലസ് വൺ; സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നു: എം എസ് എഫ് ഡി ഡി ഇ ഓഫീസ് ഉപരോധിക്കും.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം എവിടെയും അലോട്ട് ചെയ്യപ്പെടാതെ ആശങ്കയിലാണ്. കേട്ടുകേൾവിയില്ലാത്ത വിധം ഓരോ പ്രദേശത്തും ഉന്നതമാർക്ക് നേടിയ ധാരാളം വിദ്യാർത്ഥികളാണ് അധ്വാനിച്ച് മാർക്ക് നേടിയിട്ടും സർക്കാർ നിസ്സംഗതയുടെ ഫലമായി പുറത്തുനിൽക്കുന്നത്. മലബാർ മേഖലയിലെ അതിരൂക്ഷമായ സീറ്റ് പ്രതിസന്ധിയോട് പുറംതിരിഞ്ഞുനിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയം പഠിക്കുന്നതിനു വേണ്ടി സർക്കാർ തന്നെ നിയോഗിച്ച പ്രൊഫസർ വി കാർത്തികേയൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഞെട്ടിക്കുന്ന അന്തരം സീറ്റ് വിഷയത്തിലുണ്ട് എന്നതുകൊണ്ടാണ് സർക്കാർ തന്നെ നിയോഗിച്ച ഔദ്യോഗിക കമ്മീഷന്റെ പഠനം പുറത്തുവിടാത്തത്.വയനാട് ജില്ലയിൽ മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഹയർസെക്കൻഡറി സീറ്റില്ല. ഇതുകൂടാതെ സിബിഎസ്ഇ വിദ്യാർത്ഥികളും മറ്റും വരുന്നതോടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാലും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പെരുവഴിയിലാണ്. ജില്ലയിൽ ആവശ്യമായ ബാച്ചുകൾ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, ബാച്ചുകളുടെ പ്രാദേശിക വിതരണത്തിൽ വലിയ അപാകതയുമുണ്ട്. ജില്ലയിൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ ആവശ്യമാണെന്ന് മന്ത്രി തന്നെ പ്രസ്താവന ഇറക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ യാതൊന്നും ചെയ്തിട്ടില്ല. ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഈ പ്രധാനപ്പെട്ട സമയത്തുപോലും ജില്ലയിൽ ഡി ഡി ഇ,ഡി ഇ ഒ ഉൾപ്പെടെ പ്രധാന വിദ്യാഭ്യാസ ഓഫീസർമാരില്ല.എല്ലാ തലത്തിലും വിദ്യാർത്ഥിവിരുദ്ധ സമീപനങ്ങളാണ്സർക്കാർ സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാജന്മാർക്ക് പിന്തുണ നൽകുന്ന സർക്കാർ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പ്രഖ്യാപനങ്ങൾ കൊണ്ടുമാത്രം കണ്ണിൽ പൊടിയിടുകയാണ്. കഴിഞ്ഞവർഷം മുതൽ സൗജന്യ സ്കൂൾ യൂണിഫോം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മിക്ക സ്കൂളുകൾക്കും സംസ്ഥാന സർക്കാർ നൽകേണ്ട തുക നൽകിയിട്ടില്ല. രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കിയാണ് ഈ വർഷവും സ്കൂളുകൾ യൂണിഫോം നൽകുന്നത്. കെഎസ്ആർടിസി കൺസഷനിൽ പോലും വിദ്യാർത്ഥികളെ സാമ്പത്തികമായി തരംതിരിച്ചിരിക്കുന്നു. എല്ലാ റെഗുലർ വിദ്യാർത്ഥികൾക്കും ലഭ്യമാക്കേണ്ട കൺസഷൻ റേഷൻ കാർഡ് നോക്കിയാണ് കെഎസ്ആർടിസി ഇപ്പോൾ അനുവദിക്കുന്നത്. ഇക്കാര്യത്തിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുന്നില്ല. ഹയർസെക്കൻഡറി സീറ്റ് വിഷയത്തിൽ സർക്കാർ നിസ്സംഗത വെടിയുന്നതുവരെ സമരം തുടരുമെന്നും ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കുമെന്നും എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.പത്രസമ്മേളനത്തിൽ എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം റിൻഷാദ്, ജന. സെക്രട്ടറി ഫായിസ് തലക്കൽ, ട്രഷറർ അമീനുൽ മുക്താർ, കൽപ്പറ്റ മണ്ഡലം ട്രഷറർ അംജദ് അലി, എ പ്ലസ് നേടിയിട്ടും അലോട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളായ ഇഷ കെ സി, ഹിബ ഫാത്തിമ, ആയിഷ തൻഹ, സാദിഫ് ഖാൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
Next post ചരിത്ര നേട്ടത്തിനൊരുങ്ങി വയനാട് : അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കെല്ലാം ആധാർ ലഭ്യമാക്കി
Close

Thank you for visiting Malayalanad.in