കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെയുള്ള പരാതി പിൻവലിക്കാത്തതിനാൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയെന്ന്

.
കൽപ്പറ്റ: വനം വകുപ്പുദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിനു നല്‍കിയ പരാതി പിന്‍വിക്കാത്തതിനാൽ വനം ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയെന്നു പരാതി.
കോഴിക്കോട് ബിലാത്തിക്കുളം കാരാട്ട് കെ. ഷാജിര്‍ അറാഫത്ത് ആണ് പരാതിക്കാരൻ. . വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വനം മന്ത്രിക്കു പരാതി നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുന്നത്തിടവക വില്ലേജില്‍ ലക്കിടിക്കു സമീപം ഉടമസ്ഥതയിലുള്ള ഒന്നേമുക്കാൽ ഏക്കര്‍ പുരയിടം ഇ.എഫ്.എല്‍ പരിധിയില്‍നിന്നു ഒഴിവാക്കുന്നതിനാണ് തദ്ദേശ ഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ മുഖേന സൗത്ത് വയനാട് വനം ഡിവിഷന്‍ അധികാരിയായിരുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
കുന്നത്തിടവക വില്ലേജില്‍ തനിക്കുള്ള സ്ഥലത്തിന്റെ അതിരുകളില്‍ വനമോ ഇഎഫ്എല്‍ ഭൂമിയോ ഇല്ല.
പുരയിടത്തിന്റെ സ്‌കെച്ചും പ്രവൃത്തികള്‍ നടത്തുന്നതിനുള്ള നിരാക്ഷേപ പത്രവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ 2014ല്‍ അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ അനുവദിച്ചിട്ടുണ്ട്. ഇതേ ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിനു ഉത്തരവ് ലഭിച്ചിരിക്കെ കള്ളരേഖകളുണ്ടാക്കി അതിരുകള്‍ തെറ്റായി കാണിച്ച് പുരയിടം ഇഎഫ്എല്‍ പരിധിയില്‍പ്പെടുത്തുന്നതിനു ശുപാര്‍ശ ചെയ്തു. നേരത്തേ അനുവദിച്ച എന്‍ഒസി റദ്ദാക്കാതെയുമായിരുന്നു ശിപാര്‍ശ. ഡി.എഫ്.ഒയുടെ ശിപാര്‍ശയ്‌ക്കെതിരായ ഹരജിയില്‍ ഇ.എഫ്.എല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍നിന്നു 2020 ജൂണില്‍ തനിക്കു അനുകൂലമായി ഉത്തരവുണ്ടായി.
ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന കേസിലും അനുകൂല വിധിയാണ് ലഭിച്ചത്. വനം ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കിയിട്ടുണ്ട്. പ്രാഥമികാന്വേഷണം നടത്തിയ വയനാട് വിജിലന്‍സ് യൂണിറ്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സിനു നല്‍കിയ പരാതി പിന്‍വലിക്കുന്നതിനു വനം അധികാരികളില്‍നിന്നു വലിയ തോതിലുള്ള സമ്മര്‍ദം ഉണ്ടായി. പരാതി പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഏപ്രില്‍ 21ന് അടിക്കാട് വെട്ടിയതിനാണ് കേസ് എടുത്തതെന്നും ഷാജിര്‍ അറാഫത്ത് പറഞ്ഞു. പ്രശ്നത്തെ നിയമ പരമായി തന്നെ നേരിടാനുള്ള ഒരുക്കത്തിലാണ് ഷാജിർ അറാഫത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വായ്പാ തട്ടിപ്പിലെ ഇരയായ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Next post കേന്ദ്രമന്ത്രി കേരളത്തിൻ്റെ ആരാച്ചാറെപ്പോലെ തുള്ളിച്ചാടുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Close

Thank you for visiting Malayalanad.in