വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ വിട്ട് ആക്രമിച്ച സംഭവം അപലപനീയവും അതിക്രൂരവും: മന്ത്രി വീണാ ജോര്‍ജ്


വയനാട് മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആ ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളത്. അന്വേഷണത്തിന് ചെന്ന വീട്ടില്‍ സംഭവത്തില്‍ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അതിനോടകം എടുത്തിരുന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം നിയമ സഹായവും ഉറപ്പാക്കി. എന്നാല്‍ നിയമസഹായം ഉറപ്പാക്കിയിട്ടും അവരത് തേടിയെത്താതിരിക്കുകയും പല തവണ ഫോണ്‍ വിളിച്ചിട്ടും അവരെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പരാതിക്കാരിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ വീട്ടില്‍ അന്വേഷിച്ചു ചെന്നത്.
അത്രയും ആത്മാര്‍ഥതയോടെ സ്വന്തം കര്‍ത്തവ്യം ചെയ്യുകയായിരുന്ന ഓഫീസറെയാണ് നായയെ വിട്ടു ആക്രമിപ്പിച്ചത്. ഉണ്ടായ സംഭവങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ നമുക്കാവില്ല. മായ്‌ക്കൊപ്പം ഫാമിലി കൗണ്‍സിലറും ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു കാരണവശാലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനാല്‍ തന്നെ കര്‍ശനമായി ഇതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അപകടത്തിൽപ്പെട്ട കാറിൽ ഒന്നരക്കിലോ കഞ്ചാവ്: യുവാവ് അറസ്റ്റിൽ
Next post കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷികവും സമുദായനേതൃ സംഗമവും കർഷക ജ്വാലയും മാനന്തവാടിയിൽ
Close

Thank you for visiting Malayalanad.in