ഭിന്നശേഷിക്കാരുടെ അതിജീവനത്തിൻ്റെ കഥകൾ തേടി ഷിഹാബിൻ്റെ സ്മൈൽ യാത്ര

കൽപ്പറ്റ: അതിജീവനത്തിൻ്റെ വിജയ മാതൃക ലോകത്തിന് കാണിച്ചു കൊടുത്ത സി.പി.ഷിഹാബ് പുതിയ ദൗത്യവുമായി മലയാളികൾക്കിടയിലേക്ക് . തൻ്റെ വരുമാനത്തിൻ്റെ ഒരു വിഹിതമെടുത്ത് ഭിന്ന ശേഷിക്കാരായവരെ സഹായിച്ച് അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താനായുള്ള സ്മൈൽ യാത്ര വയനാട്ടിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. റമദാൻ മാസത്തിലെ വ്രത ശുദ്ധിയുടെ നാളുകളിൽ സി.പി.ഷിഹാബ് ഒരു പുണ്യയാത്ര നടത്തുകയാണ്. ഭിന്നശേഷിക്കാരായവരുടെ അതിജീവനത്തിൻ്റെ കഥകൾ അന്വേഷിച്ചുള്ള യാത്ര. ചെറുതായെങ്കിലും അവർക്ക് കൈത്താങ്ങാകാനൊരു ശ്രമം.ജന്മനാ കൈകളും കാലുകളുമില്ലാതെ വളർന്ന് അതിജീവനത്തിൻ്റെ വിജയ ഗാഥ സ്വന്തം ജീവിതം കൊണ്ട് രചിച്ച് അനേകായിരങ്ങൾക്ക് ജീവിതത്തിൽ വഴികാട്ടിയായ മോട്ടിവേഷണൽ ട്രെയ്നർ മലപ്പുറം സ്വദേശി സി.പി. ഷിഹാബ് നോമ്പ് തുടങ്ങി പിറ്റേന്നാണ് യാത്ര പുറപ്പെട്ടത്.
സ്മൈൽ എന്ന പേരിൽ കാസർകോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന ഈ വ്യത്യസ്ത യാത്രയിൽ സ്പോൺസർമാർ ആരുമില്ല.പകരം സമൂഹമാധ്യമങ്ങളിൽ 15 ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന ഷിഹാബ് വിവിധ സ്ഥാപനങ്ങളുടെ വീഡിയോ ചെയ്ത് ലഭിക്കുന്ന വരുമാനം വീതിച്ച് നൽകാനാണ് ഇഷ്ടപ്പെടുന്നത്. യാത്ര പൂർത്തിയാകുമ്പോൾ ആയിരം തൊഴിൽ എന്നതാണ് ലക്ഷ്യം. വയനാട്ടിലെ പര്യടനത്തിനിടെ ജില്ലാ കലക്ടർ ഡോ.രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, എം.എൽ.എ.മാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, മുൻ എം.പി.യും എം.എൽ.എ.യുമായ എം.വി.ശ്രേയാംസ് കുമാർ തുടങ്ങിയവരെല്ലാം ഷിഹാബിൻ്റെ യാത്രക്ക് പിന്തുണ അറിയിച്ചു.

സുഹൃത്തായ ഡെൻ്റൽ ഡോക്ടർ മുസഫറിൻ്റെ വാഹനത്തിലാണ് യാത്ര. ജോലിയിൽ നിന്ന് വിട്ട് നിന്ന് വാഹനമോടിക്കുന്നതും ഡോ.മുസഫിറാണ്. ഷിഹാബിൻ്റെ ഭാര്യയും മകളും സഹോദരനും സഹയാത്രികരായുണ്ട്. അതിജീവനം നടത്തുന്ന ഭിന്നശേഷിക്കാരെ വീടുകളിൽ പോയാണ് കാണുന്നത്. പരിമിതികളിൽ കഴിയുന്നവരുടെ മുഖത്തും പുഞ്ചിരി വിടർത്തി അവരെയും തന്നെ പോലെ സന്തോഷത്തോടെ ജീവിക്കാൻ പ്രചോദിപ്പിക്കുകയാണ് ഷിഹാബും സ്മൈൽ എന്ന ഈ വ്യത്യസ്ത യാത്രയും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
Next post രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: പ്രതിഷേധ ജ്വാലയുമായി മുസ്ലിം യൂത്ത് ലീഗ്
Close

Thank you for visiting Malayalanad.in