പി.കെ. കരിയൻ ആദർശം മുറുകെപ്പിടിച്ച വ്യക്തി- ഒ.ആർ. കേളു എം.എൽ.എ

മാനന്തവാടി: ആദർശം മുറുകെപ്പിടിച്ച, ആഴത്തിലുള്ള കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു പി.കെ. കരിയനെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കണ്ണൂർ സർവകലാശാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര വകുപ്പിന്റെ സഹകരണത്തോടെ സംഘടിച്ച പി.കെ. കരിയൻ അനുസ്മരണവും പി.കെ. കരിയന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഫസീല മെഹർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു റാവുളന്റെ ജീവിതപുസ്തകം’ എന്ന കൃതിയുടെ പ്രകാശനച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലുണ്ടാകുന്ന വിവേചനങ്ങൾക്കെതിരെ പി.കെ. കരിയൻ ശക്തമായ പ്രതിഷേധം തീർത്തിരുന്നു. സുഖസൗകര്യങ്ങളുടെ പിറകിൽ പോകുന്ന ഇന്നത്തെ തലമുറ ആദർശം എന്തെന്ന് അവനവനോട് സ്വയം ചോദിക്കണം. കൃത്യമായ ആദർശവും കാഴ്ചപ്പാടും മാത്രമേ നല്ല മനുഷ്യനെ സൃഷ്ടിക്കൂ എന്നും ആദർശമൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ പുതിയ തലമുറ ശ്രമിക്കണം. അടിസ്ഥാനവർഗവും അടിയാള വർഗവും രാജ്യത്ത് പീഡനങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ കാലത്ത് ഗോത്രവിഭാഗത്തിൽ നിന്നുയർന്നു വന്ന പി.കെ. കരിയന്റെ ജീവിതം പുസ്തകമാകുന്നത് കാലിക പ്രസക്തമാണെന്നും എം.എൽ.എ പറഞ്ഞു.
കവിയും കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സുകുമാരൻ ചിലിഗദ്ധ വയനാട് ജില്ലാ ലൈബ്രറി കൗൺസിലിൽ സെക്രട്ടറി പി.കെ. സുധീറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. ഗദ്ദികയെന്ന നാടിന്റെ സമ്പത്തിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയ മഹദ്‌വ്യക്തികളായിരുന്നു പി.കെ. കരിയനും അദ്ദേഹത്തിന്റെ അമ്മാവൻ പി.കെ. കാളനുമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമ്പത്തായ ഗദ്ദിക മറ്റുള്ളവർ പഠിച്ചത് ഇവരിലൂടെയാണ്. നാടിന്റെ നന്മ മറ്റുള്ളവരിലെത്തിക്കാൻ ഫസീല നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സുകുമാരൻ ചാലിദഗദ്ധ പറഞ്ഞു.
പുസ്തകം പുറത്തിറക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കരിയേട്ടൻ ജീവിച്ചിരിക്കുന്ന സമയത്ത് ഇറക്കാൻ സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്നും ഗ്രന്ഥകാരി ഫസീല മെഹർ പറഞ്ഞു. നിരന്തരം സമരത്തിലേർപ്പെട്ട ജീവിതമായിരുന്നു പി.കെ. കരിയന്റേതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. കെ.ആർ. രമേശൻ പറഞ്ഞു. തിരസ്കരിക്കപ്പെട്ട ജീവിതങ്ങൾ തിരിച്ചു പിടിക്കുകയെന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഗദ്ദികയെ അനുഷ്ഠാന കലയെന്നതിലുപരി അതിജീവന കലയാക്കി മാറ്റാൻ പി.കെ. കരിയന് സാധിച്ചു. ഗദ്ദിക അവതരിപ്പിക്കാൻ മാത്രമല്ല അതിനെക്കുറിച്ച് ആഴത്തിൽ സംവദിക്കാനുള്ള കഴിവും പി.കെ. കരിയനുണ്ടായിരുന്നു- ഡോ. കെ.ആർ. രമേശൻ പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. കണ്ണൂർ സർവകലാശാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര വകുപ്പ് മേധാവിയും കാമ്പ‌സ് ഡയറക്ടരുമായ പി. ഹരീന്ദ്രൻ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. അജയകുമാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സെക്രട്ടറി എം.കെ. ജയൻ, പി.കെ. കരിയന്റെ ഭാര്യ സരോജിനി, മകൻ സരിത്ത് എന്നിവർ സംസാരിച്ചു. പട്ടികവർഗ വികസനവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഇ.ജി. ജോസഫ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.എം. വിമല, ബാലൻ വെള്ളരിമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗൃഹാതുര സ്മരണകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയില്‍
Next post മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം: ചെറുകിട മര വ്യവസായ അസോസിയേഷന്‍
Close

Thank you for visiting Malayalanad.in