വയനാട് ഗവ. മെഡിക്കൽ കോളേജിനായി ആശുപത്രിയോട് ചേർന്നുള്ള കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട് എൽ.ഡി.എഫ്
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിനായി ആശുപത്രിയോട് ചേർന്നുള്ള കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മെഡിക്കൽ കോളേജിന് സമീപത്തുള്ള ഗവ.യുപി സ്കൂൾ (1.69 ഏക്കർ), സബ് രജിസ്ട്രാർ ഓഫീസ് (40 സെന്റ്), മൃഗസംരക്ഷണ വകുപ്പ് (1.10 ഏക്കർ), പൊതുമരാമത്ത് വകുപ്പ് (30 സെന്റ് ) എന്നിവയുടെ കൈവശമുള്ള ഭൂമി ആശുപത്രി പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കണം. ആകെ 3.49 ഏക്കർ ഏറ്റെടുക്കാനാവും. യുപി സ്കൂൾ മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും മറ്റു സർക്കാർ ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്കും മാറ്റാനാകും. പ്രധാന ചികിത്സാ കേന്ദ്രങ്ങളെല്ലാം നിലവിലെ ആശുപത്രിയോട് ചേർന്ന് ആരംഭിക്കണമെന്നതാണ് പൊതുവെയുള്ള ആവശ്യo. അക്കാദമിക് സംവിധാനങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളുമെല്ലാം ബോയ്സ് ടൗണിലെ ഭൂമിയിലും ആരംഭിക്കാനാവും. നിലവിലെ ആശുപത്രിയോട് ചേർന്നുള്ള ഭൂമി ഏറ്റെടുത്ത് സൗകര്യങ്ങൾ ഒരുക്കി ആശുപത്രിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും എൽഡിഎഫ് നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്.