കൽപ്പറ്റ: വയനാട്ടിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രക്തസ്രാവത്തെ തുടർന്ന് മൂന്നാമത്തെ യുവതിയും മരിച്ചു.
വെങ്ങപ്പള്ളി പുഴമുടി ആർ.സി.എൽ.പി സ്കൂളിന് സമീപത്തെ രാജൻ്റെ മകൾ ഗീതു (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. കൽപ്പറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ നിന്നുണ്ടായ ചികിത്സ പിഴവിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റുമോട്ടത്തിനായി മൃതദേഹം ആദ്യം സുൽത്താൻ ബത്തേരിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
വെങ്ങപ്പള്ളി പുഴമുടി ആർ.സി.എൽ.പി സ്കൂളിന് സമീപത്തെ രാജൻ്റെ മകൾ ഗീതു (24) അന്തരിച്ചു. ഭർത്താവ്: റിജേഷ്, മകൻ: ഗൗതം. സഹോദരൻ: നിഖിൽ.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച കുപ്പാടിത്തറ സ്വദേശിനി രണ്ടാഴ്ച മുമ്പും മാനന്തവാടി സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച വെള്ളമുണ്ട സ്വദേശിനി ഒരാഴ്ച മുമ്പും രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്.
ഗീതു മരിച്ച സംഭവത്തിൽ ബി.ജെ.പി. കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.