കേന്ദ്ര – കേരള സർക്കാരുകളുടെ ബജറ്റ് ജനജീവിതം ദുസ്സഹമാക്കുന്നതാണന്ന് എൻ.ഡി.അപ്പച്ചൻ.

കേരള ബജറ്റ് തികച്ചും നിരാശാജനകവും വൻ വിലക്കയറ്റത്തിന് വഴിവെക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമാണ്. ഇടത് സർക്കാരിൻറെ ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് ബജറ്റിലൂടെ വെളിവാകുന്നത്. കാർഷിക മേഖലയിലെ തകർച്ചയും വന്യമൃഗ ശല്യവും കൃഷിനാശവും കാരണം വയനാടന്‍ കർഷകർ ആത്മഹത്യയുടെ വക്കിലുമാണ്. കർഷകർ കൃഷി ഇറക്കുകയും വന്യമൃഗങ്ങൾ വിളവെടുക്കുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുന്നു. അതിന് പുറമെ ഇന്നത്തെ ബജറ്റിലൂടെ നികുതി വർധനവും ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഒരു ഉപഭോക്‌തൃ സംസ്ഥാനമായ കേരളം അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാണ് ജീവിക്കുന്നത്. ഇപ്പോൾ തന്നെ താങ്ങാനാവാത്ത നികുതി പെട്രോൾ – ഡീസൽ എന്നിവക്ക് ചുമത്തിയിട്ടുണ്ട്. ഇതിന്പുറമെ ലിറ്ററിന് 2 രൂപ കൂടി സെസ്സ് ഏർപ്പെടുത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാധീതമായി വർധിക്കുമെന്നുറപ്പാണ്. അതിന് പുറമെ, വൈദ്യുത നിരക്ക്, വെള്ളക്കരം, ഭൂമിയുടെ താരിഫ് വില വർധന, രെജിസ്ട്രേഷൻ ഫീസ് വർധന എന്നിവയെല്ലാം ജനങ്ങളെ വല്ലാത്ത കഷ്ടത്തിലാക്കിയിരിക്കുകയാണ്.
രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ചില ബി.ജെ.പി. നേതാക്കൾ വയനാട്ടിൽ വന്ന് രാഹുൽ ഗാന്ധി എം.പിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. രാജ്യത്തെ കർഷകർ കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിന്നിരുന്ന സമയങ്ങളിൽ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ കർഷകരുടെ കടം എഴുതിത്തള്ളുന്നതിന് വേണ്ടി 73000 കോടി രൂപയാണ് അന്ന് നൽകിയത്. ഒരു അപേക്ഷപോലും സ്വീകരിക്കാതെ കടമുള്ള എല്ലാ കർഷകരുടെയും ബാധ്യതകൾ സർക്കാർ എഴുതി തള്ളി. അങ്ങനെ രാജ്യത്തെ കർഷകരെ കോൺഗ്രസ് രക്ഷിച്ചു. കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ആശ്വാസം നല്‍കാതെ രാഹുൽ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് ബി.ജെ.പിയുടെ രാഷ്ട്രീയ ഫാസിസം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചാൽ ആ പരിപ്പ് വയനാട്ടിലെ വെള്ളത്തിൽ വേവുകയില്ല.
വലിയ കോർപറേറ്ററുകൾക്ക് വാരി കോരി നല്‍കാൻ കേന്ദ്ര ബജറ്റിൽ വലിയ തുക മാറ്റിവെചിരിക്കുകയാണ്. എന്നാൽ സാധാരണക്കാർക്ക് ഒന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമില്ല. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് രണ്ട് സർക്കാരുകളും ഭരിക്കുന്നത്. 2021 തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് പാക്കേജിന് ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലയെന്നത് വയനാടൻ ജനതയോടുള്ള കടുത്ത വഞ്ചനയാണ്. മെഡിക്കൽ കോളേജ്, ചിപ്പിലിത്തോട് – പൂഴിത്തോട് ബദൽ പാത, വന്യമൃഗ ശല്യം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾക്ക് പോലും തുക വകയിരുത്താത്തത് വയനാടൻ ജനതയോട് സർക്കാരിൻറെ പ്രതിബദ്ധതയില്ലായ്മയാണ് കാണിക്കുന്നത്. കേന്ദ്ര – കേരള സർക്കാരുകൾ വയനാടിൻറെ വികസനത്തിനായി ഒന്നും തന്നെ ബജറ്റിൽ പ്രതിപാദിച്ചിട്ടില്ല. വയനാട്ടിലെ ജനങ്ങളെ വെല്ല് വിളിച്ച് കൊണ്ടും അപമാനിച്ച് കൊണ്ടും മുമ്പോട്ട് പോകുകയാണ് ഒരു പദ്ധതി പോലും വയനാടിനായി പ്രഖ്യാപിക്കാതെ സര്‍ക്കാരുകള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇരു സർക്കാരുകളും ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബജറ്റ് ജനങ്ങളോടുള്ള വെല്ലുവിളി: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ
Next post അന്താരാഷ്ട്രസാഹിത്യ പുരസ്ക്കാരങ്ങള്‍ നേടാന്‍ മികച്ച എഡിറ്റിംഗും സംഘടിത ശ്രമവും ആവശ്യം- എഴുത്തുകാര്‍
Close

Thank you for visiting Malayalanad.in