പക്ഷാഘാതരോഗികള്‍ക്ക് ആശ്വാസമായ ജി-ഗെയ്റ്റര്‍ കണ്ണൂരിലും

കണ്ണൂര്‍: റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സിന്‍റെ പക്ഷാഘാത രോഗികളുടെ ശാരീരിക പുനരധിവാസം സുഗമമാക്കുന്ന ‘ജി-ഗെയ്റ്റര്‍- അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ട്’ ജനുവരി അവസാനത്തോടെ കണ്ണൂരിലെ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി സെന്‍ററില്‍ ഉപയോഗിക്കും.
മസ്തിഷ്ഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സെറിബ്രല്‍ പാള്‍സി എന്നിവയാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണിത്.
വിവിധ കാരണങ്ങളാല്‍ പക്ഷാഘാതം ബാധിച്ച രോഗികള്‍ക്ക് ചലനശേഷി, കാര്യക്ഷമത, ശാരീരിക സ്ഥിരത തുടങ്ങിയവ വീണ്ടെടുക്കാന്‍ ജി-ഗെയ്റ്റര്‍ സഹായകമാകും. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയെക്കാള്‍ കാര്യക്ഷമമായി ജി-ഗെയ്റ്ററിലൂടെ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കും.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ട്രോക്ക് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പക്ഷാഘാത രോഗികളെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാനായി തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി സെന്‍റര്‍ മുന്‍കൈ എടുക്കുന്നതെന്ന് ജെന്‍ റോബോട്ടിക്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിമല്‍ ഗോവിന്ദ് .എം കെ പറഞ്ഞു.
പക്ഷാഘാത രോഗികളെ പഴയ സ്ഥിതിയിലെത്തിക്കാനായി ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും ഗെയ്റ്റ് പരിശീലനത്തിനായി നിര്‍ദേശിക്കാറുണ്ട്. ഈ പരിശീലനത്തിലൂടെ രോഗികളുടെ അരയ്ക്ക് താഴെയുള്ള ഭാഗം നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുകയും സന്ധികളില്‍ ചലനം വര്‍ധിക്കുകയും ചെയ്യും. ഓരോ രോഗികളുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ക്രിയാത്മകമായി തെറാപ്പി സംവിധാനം രൂപപ്പെടുത്താന്‍ ജി-ഗെയ്റ്റര്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘പക്ഷാഘാത രോഗികളെ ചികിത്സിക്കാന്‍ പലപ്പോഴും പരമ്പരാഗത ശാരീരിര പരിശീലന രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ രോഗചികിത്സയുടെ ഗുണനിലവാരവും കാര്യക്ഷമതയും ജി-ഗെയ്റ്റര്‍ ഉപയോഗത്തിലൂടെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷാഘാത രോഗികള്‍ക്കുള്ള പരമ്പരാഗത നടത്ത പരിശീലന രീതിയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ബദലുകളില്‍ ഒന്നായിരിക്കും ഇത് ‘ തണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഇദ്രീസ് പറഞ്ഞു.
മാന്‍ഹോളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന ‘ബാന്‍ഡിക്യൂട്ട്’ റോബോട്ടിനെ വികസിപ്പിച്ചതിലൂടെ ജെന്‍ റോബോട്ടിക്സ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ മികച്ച കാല്‍വെയ്പ്പ് നടത്തി ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മനുഷ്യര്‍ നേരിട്ട് മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്ന പരമ്പരാഗത സംവിധാനം നിര്‍ത്തലാക്കാനായാണ് ബാന്‍ഡിക്യൂട്ട് വികസിപ്പിച്ചത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ ഒട്ടനവധി നഗരങ്ങളില്‍ ഇന്നിത് ഉപയോഗിക്കുന്നുണ്ട്.
റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ ആരോഗ്യ പരിചരണ പുനരധിവാസ മേഖലയില്‍ ഗുണകരമായ മാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ജെന്‍ റോബോട്ടിക്സിനെ വേറിട്ടതാക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സിന്‍റെ എഴ് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജി-ഗെയ്റ്റര്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി ജീവിതവും വികസന നയ പരിപാടികളും : ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെമിനാർ ജനുവരി 15 ന്
Next post കടുവ ആക്രമിച്ച് കൊന്ന സാലുവിൻ്റെ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം.
Close

Thank you for visiting Malayalanad.in