
സർക്കാരിനെ കാത്തു നിന്നില്ല: ജനകീയ ഫെൻസിങ്ങ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം തിങ്കളാഴ്ച
വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും രാവും പകലും വ്യത്യാസമില്ലാതെ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ജനകീയ ഇടപെടലിൽ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്
ജനകീയ ഫെൻസിംഗ് നിർമ്മാണം തുടങ്ങിയത്.
തൊഴിലിടങ്ങളിലും, പൊതു നിരത്തുകളിലും കാട്ടാനയുടെ സാന്നിധ്വം സ്ഥിരമാകുന്ന സാഹചര്യം പതിവായപ്പോൾ തൊഴിലാളികൾക്ക് ജോലിക്ക് പോകാനും വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോകാനും രോഗാവ സ്ഥയിൽ കഴിയുന്നവർക്ക് വാഹനങ്ങൾപോലും സഹായത്തിന് ലഭിക്കാത്ത സാഹചര്യങ്ങൾക്ക് പരിഹാരമാവുന്നത് ജനപ്രതിനിധികളും സർവ്വകക്ഷിയും നാട്ടുകാരും ഒരുമിച്ചപ്പോഴാണ് ഇത് യാഥാർത്ഥ്യമായത്.
വയനാട്ടിൽ വനാതിർത്തികളിൽ ഫെൻസിങ്ങിനായി കോടികൾ മുടക്കിയുള്ള പേരുകേട്ട വൻ പദ്ധതികൾ തുടർ സംരക്ഷണ പ്രവർത്തനം ഇല്ലാത്തതുമൂലം നോക്കുകുത്തിയാകുന്ന സാഹചര്യത്തിലാണ് വൈത്തിരി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്തു നടപ്പിലാക്കുന്ന ജനകീയ ഫെൻസിങ്ങ് മാതൃകയാകുന്നത്.
പഞ്ചായത്തിൽ ഏറ്റവും അധികം കാട്ടാന ശല്യമുണ്ടായിരുന്ന ചുണ്ടവയൽ, തളിമല, ചേലോട്, ചുണ്ട ടൗൺ, വട്ടവയൽ തുടങ്ങിയ പ്രദേശങ്ങളിൽ ആനശല്യം തീർത്തും പരിഹരിക്കാൻ കഴിഞ്ഞതായി ഇവർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ചുണ്ട, ആനപ്പാറ റോഡ് മുതൽ തളിമല വരെയുള്ള അഞ്ച് കിലോമീറ്ററാണ് ജനകീയ ഫെൻസിങ്ങ് പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ പതിനൊന്ന് കിലോമീറ്റർ ജനകീയ ഫെൻസിങ്ങ് പൂർത്തീകരിച്ച് ലക്കിടിയിൽ എത്തിക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. ഇപ്പോൾ നടപ്പി ലാക്കികൊണ്ടിരിക്കുന്ന രീതി വളരെ ചിലവ് കുറഞ്ഞതും ജനങ്ങളുടെ പങ്കാളിത്തത്തിൽ തുടർ സംരക്ഷണം ഉറപ്പുവരുത്തിയതുമാണ്.
ജനുവരി 16 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ജനകീയ ഫെൻസിങ്ങിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ചുണ്ടേൽ ടൗണിൽ വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിയ്ക്കുകയാണ്. പരിപാടിയിൽ ജനപ്രതിനി ധികൾ, രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ കർമ്മസമിതി ചെയർമാൻ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ്, കൺവീനർ എൻ.ഒ.ദേവസി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ് ഗ്രാമപഞ്ചായത്തംഗം കെ.ആർ.ഹേമലത തുടങ്ങിയവർ പങ്കെടുത്തു.