യു.ജി.സി. നാക് ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിട്യൂട്ട്

കോഴിക്കോട്: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചക്കായി യു.ജി.സി. നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തിനൊരുങ്ങി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ചു കൊണ്ട് 2001 ൽ സ്ഥാപിതമായ സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2005ൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി സ്ഥാപിക്കുകയായിരുന്നു. മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയിൽ തനത് മുദ്ര പതിപ്പിച്ച സാഫി ഇതിനോടകം മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നാക് സന്ദർശനം നടക്കാൻ പോകുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാഫിയുടെ സർവതോൻമുഖമായ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി നടത്തിപ്പിലും മാനേജ്മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ പ്രാതിനിധ്യം വഹിക്കാൻ ശേഷിയുള്ള, നേതൃപാടവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന ലീഡേഴ്സ് അക്കാദമി സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക പരിശീലനമാർഗങ്ങൾ ഈ മേഖലയിൽ നൽകി വരുന്നു. കോവിഡാനന്തരം ആരംഭിച്ച ചാണക്യ സിവിൽ സർവീസ് അക്കാദമി, മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിട്യൂട്ട്, അധ്യാപക വിദ്യാർഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസർച്ച് ഡയറക്ടറേറ്റ് സംവിധാനങ്ങൾ നിലവിൽ സ്ഥാപനത്തിലുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തുടങ്ങിയ യു.ജി.സി. 20 അംഗീകാരം, 150 സർട്ടിഫിക്കേഷൻ തുടങ്ങിയവ വളർച്ചയുടെ അടയാളങ്ങളാണ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സാഫിയെ ഒരു സർവകലാശാലയായി ഉയർത്താനാണ് അടുത്ത നടപടി.
ഡോ. ആസാദ് മൂപ്പൻ (ചെയർമാൻ), ഡോ. മുഹമ്മദാലി ഗൾഫാർ (ചെയർമാൻ എമിരറ്റസ്), പി.കെ അഹമ്മദ് (വൈസ് ചെയർമാൻ), എം എ മഹ്ബൂബ് (ജന. സെക്രട്ടറി), സി.എച്ച് അബ്ദുൾ റഹീം (പ്രസിഡന്റ്), സി.പി. കുഞ്ഞിമുഹമ്മദ് (ട്രഷറർ) മുതലായവർ എക്സിക്യൂട്ടീവ് ട്രസ്റ്റി അംഗങ്ങളാണ്.
പ്രസിഡൻ്റ് സി.എച്ച് അബ്ദുൾ റഹീം, ജന. സെക്രട്ടറി എം.എ മഹ്ബൂബ്, കേണൽ നിസാർ അഹമ്മദ് സീതി (ചീഫ് ഓപ്പറേറ്റിങ് ഓഫീസർ), ഡോ. സെർവിൻ വെസ്ലി (ഐ.ക്യു.എ.സി കോർഡിനേറ്റർ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അരിവാൾ രോഗം ഇല്ലാതാക്കുക എന്നത് ലക്ഷ്യം: കേന്ദ്രമന്ത്രി രേണുക സിങ്ങ് സരുത
Next post ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ച് ജനുവരി 18 ന്
Close

Thank you for visiting Malayalanad.in