
പുതുവർഷ പുലരിയിലെ കൊലപാതകം: വൈകാതെ കുറ്റപത്രം തയ്യാറാക്കുമെന്ന് വയനാട് ജില്ലാ പോലിസ് മേധാവി
പുതുവർഷ ആഘോഷത്തിനിടെ വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റ് മരിച്ച മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദിൻ്റെ കൊലപാതകത്തിൽ പ്രതിയായ രൂപേഷ് മറ്റ് കേസുകളിലും നേരത്തെ പ്രതിയായിരുന്നുവെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്.
പുതുവർഷ ആഘോഷത്തിനിടെ ശനിയാഴ്ച രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മേപ്പാടി എരുമക്കൊല്ലി റോഡിൽ പൂളക്കുന്നിന് സമീപമായിരുന്നു വാക്കു തർക്കത്തിനിടെ കൊലപാതകം നടന്നത്. പോലീസ് നടത്തിയ തിരച്ചലിലാണ് സുഹൃത്തായ എരുമത്തടത്തിൽ രൂപേഷ് (39) അറസ്റ്റിലായത്. രണ്ട് മൂന്ന് കേസുകളിൽ മുമ്പ് ഉൾപ്പെട്ട രൂപേഷ് ക്രിമിനൽ പശ്ചാതലമുള്ള ആളാണ്. കേസിൽ മറ്റ് പ്രതികൾ ഉണ്ടോയെന്ന് അന്വേഷണം നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസുദ്യോസ്ഥരുടെ യോഗം ചേർന്നു .
സംഭവ സമയത്ത് ഒപ്പമുണ്ടായവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. സമയബന്ധിതമായി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.