അടിച്ചമർത്തപ്പെട്ടവരും വേദനിപ്പിക്കപ്പെട്ടവരുമാണു സമൂഹത്തിലുള്ളതെന്നു അരുന്ധതി റോയ്.

ശബ്ദമില്ലാത്തവരല്ല, അടിച്ചമർത്തപ്പെട്ടവരും വേദനിപ്പിക്കപ്പെട്ടവരുമാണു സമൂഹത്തിലുള്ളതെന്നു അരുന്ധതി റോയ്. അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ നിന്നാണ് വരുന്നതെങ്കിൽ നിങ്ങളുടെ വ്യക്തിത്വം എപ്പോഴും ചോദ്യം ചെയ്യപ്പെടും. വ്യക്തിത്വത്തെ കുറിച്ചും ജാതിയെ കുറിച്ചും ആശങ്കാകുലരായ സമൂഹമാണ് ഇന്ത്യയിലേതെന്നും അരുന്ധതി റോയ് പറഞ്ഞു. പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും എന്ന വിഷയത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസുമായി സംവദിക്കുകയായിരുന്നു അവർ.
അനീതിക്കെതിരേയും അരാജകത്വത്തിനെതിരേയും അക്ഷരങ്ങളാൽ ജനങ്ങളോട് സംവദിക്കേണ്ടിവരുമ്പോൾ യാതൊരു പ്രതിബന്ധങ്ങൾക്കും നിങ്ങളെ തടയാനാകില്ല. ഫിക്ഷനും നോൺ ഫിക്ഷനും ഒരുപോലെ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ വസ്തുനിഷ്ഠതയുടെ കണ്ണിലൂടെയാണ് നോൺ ഫിക്ഷൻ കൈകാര്യം ചെയ്യുന്നത്. വ്യാജ മൂല്യങ്ങളേയും സുഹൃത്തുക്കളേയും പടിക്കുപുറത്താക്കിയെങ്കിൽ മാത്രമേ സ്വതന്ത്രമായും ആശയങ്ങളെ കൂച്ചുവിലങ്ങിടാതെയും ജീവിക്കാൻ കഴിയൂ. നിശബ്ദമായിരിക്കുക, എന്നത് പക്ഷം കൂടലാണ്. അരുതായ്മകൾക്കെതിരേ എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കണം. ചിലപ്പോൾ കുഞ്ഞുകാര്യങ്ങൾക്ക് പോലും വലിയ രാഷ്ട്രീയ മാനമുണ്ടാകും. വിപ്ലവകരമായ എഴുത്തുകളും മുന്നേറ്റങ്ങളുമാണ് സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കിയിട്ടുള്ളത്.
പിറകോട്ട് പറക്കുന്ന വിമാനത്തിലിരുന്ന്, നമ്മൾ മുന്നോട്ടാണ് പറക്കുന്നതെന്നു വീമ്പിളക്കി ജനങ്ങളെ വഞ്ചിക്കുകയാണ് രാജ്യത്തെ ഭരണകൂടം. എല്ലാ സമ്പ്രദായങ്ങളേയും തച്ചുടച്ച് ജനങ്ങളെ നിശബ്ദരാക്കുക എന്നതാണ് ഫാസിസ്റ്റ് നയം. ജനങ്ങളെ തങ്ങളുടെ ആശയങ്ങളുടെ ഒറ്റക്കുപ്പായമിടീപ്പിക്കുക എന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തെ വൈവിധ്യം ഇല്ലാതാക്കുന്ന നടപടിയായിരിക്കും ഇത്. ഫാസിസ്റ്റ് നടപടികൾക്കെതിരേ ചർച്ചകളും പ്രതിരോധങ്ങളും ശക്തിയോടെ ഉയർന്നുവരണം.
ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ കേരളത്തിലും ഫാസിസം ഭീതിയുടെ വിത്തുവിതച്ചിരിക്കുന്നു. ആരും എപ്പോൾ വേണമെങ്കിലും അന്യായമായി തുറുങ്കിലടക്കപ്പെടാമെന്ന ഭീതി മലയാളികൾക്കിടയിലുമുണ്ട്. എങ്കിലും ഫാസിസത്തിനെതിരേ പ്രതിരോധം തീർക്കുന്ന നടപടിയാണ് കേരളത്തിന്റേത്. കേരളത്തെ താറടിച്ചുകാട്ടി, മലയാള മണ്ണിന്റെ മുഖം വികൃതമാക്കി വരച്ചുകാട്ടാൻ മനപ്പൂർവമായ പലശ്രമങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഫാസിസത്തെ വേരോടെ ഉന്മൂലനം ചെയ്ത് പടിക്കുപുറത്താക്കാൻ കേരളം ശക്തമായ പ്രതിരോധം തീർക്കണം.
ഫാസിസത്തിന്റെ കൂലിപ്പട്ടാളമായി രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ മാറിയിരിക്കുന്നു. ഇതിനാൽ, ഒരു ബദൽ മാധ്യമ സംസ്‌കാരം ഇന്ത്യയിൽ ഉയർന്നുവരേണ്ടതുണ്ട്. സാഹിത്യ രംഗം വാണിജ്യവൽകരിക്കപ്പെട്ടതോടെയാണ് പല എഴുത്തുകാർക്കും ആക്ടിവിസ്റ്റ് എന്ന വാൽ കൂടെ കൂട്ടേണ്ടി വന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് സാഹിത്യോത്സവം ജനങ്ങളെ ഒരുമിപ്പിക്കുന്നുവെന്ന് രാഹുൽ ഗാഡി എം.പി.
Next post നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
Close

Thank you for visiting Malayalanad.in